കണ്ണൂരിന്റെ വ്യാപാര സിരാ കേന്ദ്രമായ കാംബസാറില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ പുതുതായി പണികഴിപ്പിച്ച സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഉല്‍സവച്ഛായയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പ്രാദേശിക സര്‍ക്കാര്‍ എന്ന നിലയിലേക്ക് തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങളെന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ചുമതലകളുണ്ട്. അവ ശരിയായ രീതിയില്‍ നിറവേറ്റാനാവണം. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള മികച്ച സംവിധാനങ്ങളോടെയാണ് കണ്ണൂര്‍ കോര്‍പറേഷന്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ കൂടി സഹകരിപ്പിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. സാങ്കേതിക വിദ്യ, പണം, അധ്വാനം എന്നിവ നല്‍കാന്‍ ജനങ്ങള്‍ തയ്യാറായി മുന്നോട്ടുവരുന്നുണ്ട്. എതിര്‍പ്പുകള്‍ പേടിച്ച് നാടിന്റെ നന്‍മ മുന്‍നിര്‍ത്തിയുള്ള വികസനങ്ങളില്‍ നിന്ന് പിറകോട്ടുപോകുന്ന സമീപനം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തിന്റെ കാര്യത്തില്‍ വലിയ പുരോഗതിയാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. പദ്ധതി നിര്‍വഹണത്തിന് കൂടുതല്‍ സമയം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനമാണ് ഇതിന് വഴിവെച്ചത്. ഇത്തവണ ഏപ്രില്‍ ആദ്യം മുതല്‍ തന്നെ പദ്ധതി നിര്‍വഹണം ആരംഭിക്കാനാവുമെന്നതിനാല്‍ മിക്കവാറും എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പദ്ധതിവിഹതം 100 ശതമാനവും ചെലവഴിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. മേയര്‍ ഇ.പി ലത സ്വാഗതം പറഞ്ഞു. എം.പിമാരായ പി.കെ ശ്രീമതി ടീച്ചര്‍, കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, മുന്‍ എം.എല്‍.എ ഇ.പി ജയരാജന്‍, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോര്‍പറേഷന്‍ സെക്രട്ടറി പി രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.