ഗവ. ഡോക്ടര്‍മാരുടെ സമരം കര്‍ശനമായി നേരിടും
ഗവ. ആശുപത്രികളിലെ ഒ.പി ബഹിഷ്‌ക്കരിച്ചുകൊണ്ട് ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെ കര്‍ശനമായി നേരിടുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കണ്ണൂര്‍ പി.ആര്‍.ഡി ചേംബറില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാറിന്റെ ആര്‍ദ്രം മിഷനെ പൊളിക്കാനുള്ള ഒരു സംഘം ഡോക്ടര്‍മാരുടെ ഗൂഡാലോചനയാണ് നടക്കുന്നത്. ദയവുചെയ്ത് ഡോക്ടര്‍മാര്‍ ഇതിന് വശംവദരാവരുതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളെ വഞ്ചിക്കാനും, ജനങ്ങള്‍ക്ക് കിട്ടുന്ന സഹായം ഇല്ലാതാക്കാനും ഒരു കാരണവശാലും സര്‍ക്കാര്‍ അനുവദിക്കില്ല. ഡോക്ടര്‍മാര്‍ സഹകരിക്കണം. ഈ സമരത്തില്‍ ആരും പങ്കാളികളാവരുത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നാല്‍, തക്കതായ ശിക്ഷ ലഭിക്കും. ആരോഗ്യ രംഗം അവശ്യ സര്‍വീസായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് പണിമുടക്കി സമരം ചെയ്യാന്‍ പറ്റില്ല. ആശുപത്രിയില്‍ വരുന്ന രോഗികളോടാണോ ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. ഈ സമരത്തെ എന്തു ചെയ്യണമെന്ന് ജനങ്ങള്‍ ആലോചിക്കണം. ഇത്തരം രീതിയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ജനങ്ങളുടെ പിന്തുണയോടു കൂടി ശക്തമായ നടപടി സ്വീകരിക്കും.
ജനങ്ങളോട് പ്രതിബദ്ധതയുള്ള എല്ലാ ഡോക്ടര്‍മാരും ജോലിക്ക് ഹാജരായിട്ടുണ്ട്. ഹാജരാവാത്ത ചിലര്‍ ശനിയാഴ്ച ഹാജരാവും എന്ന് പ്രതീക്ഷിക്കുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി സമയം ദീര്‍ഘിപ്പിച്ചെങ്കിലും ഡോക്ടര്‍മാരുടെ പ്രവൃത്തി സമയം കൂട്ടിയിട്ടില്ല. ഒ.പി സമയം രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണി വരെയും ഉച്ച രണ്ട് മണി മുതല്‍ ആറ് മണി വരെയുമാക്കി. എന്നാല്‍, രാവിലെ ജോലി ചെയ്യുന്ന ഡോക്ടര്‍ ഉച്ചയ്ക്ക് ഒ.പിയില്‍ ഇരിക്കേണ്ടതില്ല. കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സയുമില്ല. സങ്കടത്തോടെ ഓടി വരുന്ന നാട്ടിലെ പാവപ്പെട്ട രോഗികളെ ഉച്ച രണ്ടു മുതല്‍ വൈകീട്ട് ആറ് വരെ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് സേവിക്കാന്‍ കഴിയില്ലെന്ന് വാശി പിടിക്കുന്നത് ഈ സമൂഹം ആലോചിക്കേണ്ട വിഷയമാണ്. തികച്ചും അന്യായമായ സമരമാണിത്. ഡോക്ടര്‍മാരുടെ ജോലി ഭാരം കൂട്ടിയെന്ന പച്ചക്കള്ളമാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നവര്‍ പ്രചരിപ്പിക്കുന്നത്.
മൂന്ന് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും ഉണ്ടെന്ന് ഉറപ്പുവരുത്തി മാത്രമാണ് തെരഞ്ഞെടുത്ത 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നത്. ഡോക്ടറും നഴ്‌സുമില്ലാത്ത ഒരു പി.എച്ച്.സിയിലും കുടുംബേരാഗ്യ കേന്ദ്രം പ്രഖ്യാപിക്കുകയോ വൈകുന്നേരത്തെ ഒ.പി നിര്‍ബന്ധമാക്കുകയോ ചെയ്തിട്ടില്ല. മൂന്നില്‍ ഒരു ഡോക്ടര്‍ നേരത്തെയുള്ളതും ഒരു ഡോക്ടര്‍ പി.എസ്.സി മുഖേന പുതിയ തസ്തിക സൃഷ്ടിച്ചതുമാണ്. ഒരു ഡോക്ടറെ പഞ്ചായത്ത് നിശ്ചയിക്കുന്നു. പഞ്ചായത്ത് നിശ്ചയിക്കുന്നതില്‍ താമസം വന്നയിടത്ത് നാഷനല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന ഡോക്ടറെ നല്‍കി. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി മാത്രമേ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളൂ.
ജനങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങിയ, കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ അങ്ങേയറ്റം ഗുണപരമായ കുടുംബാരോഗ്യ കേന്ദ്രം പദ്ധതിയെ പൊളിക്കാന്‍ ഒരു കൂട്ടം ഡോക്ടര്‍മാര്‍ ഇറങ്ങി പുറപ്പെടുന്നത് കൊടിയ ജനവിരുദ്ധതയാണ്. അങ്ങേയറ്റം ഖേദരമാണിത്. അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ മുക്കാല്‍ പങ്ക് ഡോക്ടര്‍മാരും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തുന്നവരാണ്. സര്‍ക്കാറിന്റെ ആര്‍ദ്രം മിഷന്‍ കൊണ്ടുപോവാന്‍ അത്യധ്വാനം നടത്തുന്നവരാണ്. ഈ അന്യായ സമരത്തില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്ന് ഡോക്ടര്‍മാരുടെ നിരവധി സംഘടനകള്‍ പറഞ്ഞിട്ടുണ്ട്. കൂടുതല്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ ഈ സമരത്തില്‍നിന്ന് പിന്‍വലിയുന്നുണ്ട്. സംഘടനയില്‍ത്തന്നെ എല്ലാവരും ഇതിനെ അനുകൂലിക്കുന്നില്ല. എന്നാല്‍, ചില നേതാക്കളുടെ പിടിവാശി ഈ നാട്ടിലെ ജനങ്ങളെ എവിടെ കൊണ്ട് എത്തിക്കുമെന്നത് ഓര്‍ക്കണം.
ആദ്യഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയ പാലക്കാട് കുമരംപുത്തൂര്‍ പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ നാല് ഡോക്ടര്‍മാരുണ്ട്. പൊടുന്നനെ കെ.ജി.എം.ഒയുടെ ഒരു കൂട്ടം നേതാക്കന്‍മാര്‍ ഉച്ചക്ക് ശേഷത്തെ ഒ.പി എടുക്കാന്‍ പാടില്ലെന്ന് അവിടുത്തെ ഡോക്ടര്‍മാരോട് പറഞ്ഞു. ഇത് അറിഞ്ഞയുടന്‍ താനും ഡി.എം.ഒയും ബന്ധപ്പെട്ട് ഉച്ചക്ക് ശേഷം ഒ.പി. എടുക്കണമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും നിര്‍ദ്ദേശിച്ചു. എന്നിട്ടും ഉച്ചക്ക് ശേഷം ഹാജരാവാത്ത ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ഇതിന്റെ പേരിലാണ് ഒ.പി ബഹിഷ്‌കരിച്ച് സമരം പ്രഖ്യാപിച്ചത്. ശരാശരി 170 രോഗികള്‍ മാത്രം ദിവസേന വരുന്ന ഈ കുടുംബരോഗ്യ കേന്ദ്രത്തില്‍, നാല് ഡോക്ടര്‍മാരുണ്ടായിട്ടും ഉച്ചക്ക് ശേഷത്തെ ഒ.പി നോക്കാന്‍ സാധിക്കില്ലെന്ന് പറയുന്നത് ധാര്‍ഷ്ട്യമാണ്. അത് അംഗീകരിക്കാന്‍ സാധിക്കില്ല.
ചിലര്‍ക്കെങ്കിലും, കുടുംബരോഗ്യ കേന്ദ്രത്തില്‍ വൈകുന്നേരത്തെ ഒ.പി നടത്തിയാല്‍ വീട്ടില്‍ നടത്തുന്ന സ്വകാര്യ ചികിത്സയ്ക്ക് തടസ്സം നേരിടുമോ എന്ന ഭയമുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍, വീടുകളിലെ സ്വകാര്യ പ്രാക്ടീസില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. പക്ഷേ, ഡ്യൂട്ടി സമയത്തും ആശുപത്രിക്കകത്തും സ്വകാര്യ പ്രാക്ടീസ് ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.