തിരുവനന്തപുരം: ജില്ലയിലെ പതിനൊന്നു ബ്ലോക്ക് പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പ്രതിജ്ഞാവാചകം ചൊല്ലി അധികാരമേറ്റു. അതത് വരണാധികാരികളാണ് ഓരോ ബ്ലോക്ക് പഞ്ചായത്തിലെയും മുതിര്‍ന്ന അംഗത്തിന് പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ 13 അംഗങ്ങളാണ് അധികാരമേറ്റത്. വരണാധികാരി ലാന്‍ഡ് ആന്റ് ഭൂ സര്‍വ്വേ സീനിയര്‍ സൂപ്രണ്ട് ബി. എസ്. സുരേഷ് കുമാര്‍ കവലയൂര്‍ ബ്ലോക്ക് ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ എസ്. അക്ബറിനു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലേക്ക് 13 അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. വരണാധികാരിയായ ലാന്‍ഡ് ആന്റ് റവന്യൂ ഓഫീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ദേവപ്രസാദ് ചിറയിന്‍കീഴ് ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ കെ. മോഹനന് സത്യവാചകം ചൊല്ലിക്കൊടുത്തു.
പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 13 അംഗങ്ങളാണ് പ്രതിജ്ഞ ചെയ്തത്. ബ്ലോക്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയായ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ മുതിര്‍ന്ന അംഗമായ ഫ്രാന്‍സിസ് ജഫേഴ്‌സന് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുക്കപ്പെട്ട 15 അംഗങ്ങളാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. മുതിര്‍ന്ന അംഗമായ ബി.പി.മുരളിക്ക് വരണാധികാരിയായ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഏലിയാസ് തോമസാണ് പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തത്.
വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 15 അംഗങ്ങളാണ് അധികാരമേറ്റത്. നന്ദിയോട് ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ രാധ ജയപ്രകാശിന് വരണാധികാരിയായ എ.ഡി.സി ജനറല്‍ ജി.സുധാകരന്‍ സത്യവാചകം ചൊല്ലി കൊടുത്തു.
നെടുമങ്ങാട് ബ്ലോക്കില്‍ 13 ജനപ്രതിനിധികള്‍ അധികാരമേറ്റു. വരണാധികാരിയായ ലാന്റ് അക്വസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി.ജി.ഹരികുമാര്‍ ചെറിയകൊണ്ണി ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ വി.വിജയന്‍ നായര്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്തില്‍ 16 ജനപ്രതിനിധികളാണ് അധികാരമേറ്റത്. ബ്ലോക്ക് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗമായ ആമച്ചല്‍ ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സരള ടീച്ചര്‍ക്ക് വരണാധികാരിയായ വിജിലന്‍സ്( റവന്യൂ) ഡെപ്യൂട്ടി കളക്ടര്‍ സുനില്‍.എസ്.നായരാണ് പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തത്.
പെരുങ്കടവിള ബ്ലോക്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ 14 ജനപ്രതിനിധികള്‍ അധികാരമേറ്റു. മുതിര്‍ന്ന അംഗമായ വി. താണുപിള്ളയ്ക്ക് വരണാധികാരിയായ ഡി.ആര്‍.ഡി.എ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ.വിജയകുമാറാണ് പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തത്.
പാറശ്ശാല ബ്ലോക്ക് പഞ്ചായത്തില്‍ 14 ജനപ്രതിനിധികള്‍ അധികാരമേറ്റു. വരണാധികാരിയായ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ഐ.പ്രദീപ് കുമാര്‍, അരുമാനൂര്‍ ഡിവിഷനില്‍ നിന്നും വിജയിച്ച മുതിര്‍ന്ന അംഗമായ എസ്.ആര്യദേവന് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 13 അംഗങ്ങളാണ് പ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. മുതിര്‍ന്ന അംഗമായ മുട്ടയ്ക്കാട് ഡിവിഷനില്‍ നിന്നും വിജയിച്ച കെ.എസ്. സാജന് വരണാധികാരിയായ ജില്ലാ രജിസ്ട്രാര്‍ പി. നൈനാന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
നേമം ബ്ലോക്കില്‍ തെരഞ്ഞെടുക്കപ്പെട്ട 16 പേരാണ് അധികാരമേറ്റത്. വരണാധികാരിയായ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി. അനീഷ് കുമാര്‍ മാറനല്ലൂര്‍ ബ്ലോക്ക് ഡിവിഷനില്‍ നിന്നും വിജയിച്ച മുതിര്‍ന്ന അംഗമായ ശാന്ത പ്രഭാകരന് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
പ്രതിജ്ഞാ ചടങ്ങിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ യോഗം അതത് ബ്ലോക്ക് പഞ്ചായത്തുകളിലെ മുതിര്‍ന്ന അംഗങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.