കങ്ങഴ ഗ്രാമപഞ്ചായത്തിലെ ഇടയിരിക്കപ്പുഴ സി.എച്ച്.സിയില്‍ ജലനിധി പദ്ധതി പ്രകാരം നിര്‍മ്മിച്ച ശൗചാലയത്തിന്റെ താക്കോല്‍ ദാനം പഞ്ചായത്ത് പ്രസിഡന്റ് ബി. പ്രദീപ് കുമാര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോസഫ് ആന്റണിക്ക് നല്‍കി നിര്‍വഹിച്ചു. ജലനിധി പദ്ധതിയുടെ പബ്ലിക് വര്‍ക്കിന്റെ ഭാഗമായിട്ടാണ് ആശുപത്രിക്ക് ശൗചാലയം നിര്‍മ്മിച്ചു നല്‍കിയത്. പഞ്ചായത്തിലെ 15 വാര്‍ഡുകളിലും ജലനിധി പദ്ധതിയുടെ ഭാഗമായി കുടിവെള്ള ക്ഷാമത്തിന് പരിഹാരമായെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിലെ മുണ്ടത്താനം, കൃഷിഭവന്‍, ഇടയിരിക്കപ്പുഴ ആശുപത്രി എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലായി 6 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മുണ്ടത്താനം മാര്‍ക്കറ്റിനുള്ളിലാണ് പദ്ധതി പ്രകാരമുള്ള ഒരു ടോയ്ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ക്കറ്റ് ദിവസങ്ങളായ ചൊവ്വാ, വെള്ളി ദിവസങ്ങളില്‍ മുണ്ടത്താനത്തെത്തുന്ന ജനങ്ങള്‍ക്ക് ഇത് സൗകര്യപ്രദമാണ്. കൂടാതെ പഞ്ചായത്തിലെ 15 വാര്‍ഡുകളുടെ കുടിവെള്ള പദ്ധതിക്കായി ആറേമുക്കാല്‍ കോടി രൂപ ചെലവഴില്‍ രണ്ടു കുഴല്‍ക്കിണറുകളും മൂന്നു മഴവെള്ള സംഭരണിയുമുള്‍പ്പെടെ 24 കിണറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ചിറവാലുങ്കില്‍, കൊച്ചന്‍ചിറ, ഇടയിരിക്കപ്പുഴ, കൂവപ്പുഴ എന്നിവിടങ്ങളിലാണ് കുഴല്‍ക്കിണറുകളും മഴവെള്ള സംഭരണികളും സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് മഴവെള്ള സംഭരണികളില്‍ നിന്നായി കാരിവേലില്‍ 65 ഉം അമ്പലം ഭാഗത്ത് 70 ഉം ചിറക്കുന്നത്ത് 49 ഉം കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നു. നിലവില്‍ ആകെ 1500 കുടുംബങ്ങള്‍ക്കാണ് ജലനിധി കുടിവെള്ളമെത്തിക്കുന്നത് ജി പി ലാക് പ്രസിഡന്റ് സി.ഡി പൊന്നപ്പന്‍, സെക്രട്ടറി അനിയന്‍ ആറ്റുകുഴി, പഞ്ചായത്തംഗം ജോസ് കൊണ്ടോടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.