തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഹരിത പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രീന്‍ സര്‍ട്ടിഫിക്കേഷനും ഗ്രേഡിംഗും നല്‍കുന്നതിനായി 2021 ജനുവരി ആദ്യവാരം ഹരിത ഓഡിറ്റ് നടത്തുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഡി. ഹുമയൂണ്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, ജില്ലാ/താലൂക്ക് തല സര്‍ക്കാര്‍ ഓഫീസുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഹരിതകേരളം മിഷനും ശുചിത്വ മിഷനുമാണ് ഹരിത ഓഡിറ്റ് നടത്തുന്നത്. കോര്‍പ്പറേഷന്‍, നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ ഹരിത ഓഡിറ്റ് അതത് തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ നടത്തും. 90ന് മുകളില്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് എ ഗ്രേഡും, 80നു മുകളില്‍ മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ബി ഗ്രേഡും 70ന് മുകളില്‍ മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് സി ഗ്രേഡും ലഭിക്കും. 70ല്‍ താഴെ മാര്‍ക്കു ലഭിക്കുന്നവര്‍ക്ക് ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കില്ല. ഹരിത ഓഡിറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിനോടകം നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ത്തീകരിച്ച് ജനുവരി അഞ്ചിനു മുന്‍പ് navakeralamtvpm@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ട് അനുസരിച്ചാകും പരിശോധന നടത്തുക.
