കാസര്‍കോട്: ജില്ലയുടെ കോവിഡ്-19 ബാധിച്ചുള്ള മരണ നിരക്കായ 0.34 ശതമാനം ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ജില്ലയിലെ കോവിഡ്-19 പ്രതിരോധം, ആരോഗ്യ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് കാഞ്ഞങ്ങാട് എന്‍.എച്ച്.എം ഓഫീസില്‍ അവലോകനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് പ്രതിരോധത്തില്‍ ജില്ല വളരെ ചിട്ടയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തിയതെന്ന് മന്ത്രി അഭിനന്ദിച്ചു. ലോക്ഡൗണ്‍ സമയത്ത് കൃത്യമായി ക്വാറന്‍ൈറന്‍ ചെയ്തു. ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് കോവിഡിനെ നിയന്ത്രിക്കുന്നതില്‍ മുന്‍പന്തിയിലാണ് കാസര്‍കോട്. 23000 ലേറെ രോഗികളെയാണ് കാസര്‍കോട് ജില്ലയില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. അതില്‍ വലിയൊരു ശതമാനത്തിന് രോഗം മാറി. 872 പേരാണ് ഇപ്പോള്‍ ജില്ലയില്‍ കോവിഡ് രോഗികളായി ആശുപത്രികളിലോ ഹോം ഐസൊലേഷനിലോ ഉള്ളത്.

നാനൂറിലേറെ പുതിയ തസ്തികകള്‍

പൂര്‍ണമായി വളര്‍ച്ചയെത്തിയ മെഡിക്കല്‍ കോളജ് ഇല്ലാഞ്ഞിട്ടും ജില്ലാ ആശുപത്രിയും ജനറല്‍ ആശുപത്രിയും മറ്റ് ആശുപത്രികളും കോവിഡ് പ്രതിരോധത്തില്‍ കാണിച്ച ജാഗ്രത എടുത്തുപറയേണ്ടതാണ്. ഈ സര്‍ക്കാര്‍ വന്ന ശേഷം ജില്ലയിലെ ആരോഗ്യമേഖലയില്‍ പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കുന്നതിലും തസ്തികകള്‍ അനുവദിക്കുന്നതിലും വലിയ മുന്നേറ്റം നടത്തി. ഗവ. മെഡിക്കല്‍ കോളജിന് വേണ്ടിയുള്‍പ്പെടെ നാനൂറിലേറെ തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു. ടാറ്റ കോവിഡ് ഹോസ്പിറ്റലിന് വേണ്ടി 190ലേറെ തസ്തികള്‍ സൃഷ്ടിച്ചു. ജനറല്‍ ആശുപത്രിയും ജില്ലാശുപത്രിയും വികസനത്തിന്റെ പൂര്‍ണതയിലേക്ക് വരികയാണ്. ജനറല്‍ ആശുപത്രി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ലേബര്‍ വിഭാഗം ദേശീയനിലവാരത്തിലേക്ക് മാറും. ഇവിടെ സര്‍ജറി വിഭാഗം പുതിയ കെട്ടിടോദ്ഘാടനം ഫെബ്രുവരിയില്‍ നടത്താനാണ് ആലോചന. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണവും ദ്രുതഗതിയിലാണ്. ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്താനാവുമെന്നാണ് പ്രതീക്ഷ.

23 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും

തൃക്കരിപ്പൂര്‍, നീലേശ്വരം താലൂക്ക് ആശുപത്രികളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഡയാലിസിസ് യൂനിറ്റ് അവിടെ ആരംഭിച്ചിട്ടുണ്ട്. മംഗല്‍പാടി, ബേഡകം താലൂക്ക് ആശുപത്രികള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ തയാറായി. മംഗല്‍പാടിയില്‍ ഡയാലിസിസ് യൂനിറ്റ് ആരംഭിച്ചു. ജില്ലയില്‍ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. അടുത്ത ഘട്ടത്തില്‍ 23 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തും.
ഗവ. മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ദ്രുതഗതിയിലാണ്. അക്കാദമിക് ബ്ലോക്കാണ് കോവിഡ് ആശുപത്രിയായി മാറ്റിയത്. 300 കിടക്കകളുള്ള ആശുപത്രി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചാല്‍ മാത്രമേ മെഡിക്കല്‍ സീറ്റിന് അപേക്ഷിക്കാനാവൂ. അടുത്തവര്‍ഷം ഇതിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
ലോക് ഡൗണിന് ശേഷം കേരളത്തില്‍ വിദഗ്ധര്‍ പ്രവചിച്ചത്ര കോവിഡ് കണക്ക് ഉയര്‍ന്നിട്ടില്ല. കേരളത്തിന് മരണനിരക്ക് 0.36 ശതമാനത്തില്‍ ഒതുക്കാന്‍ സാധിച്ചു. അതാണ് നമ്മുടെ ഏറ്റവും വലിയ പ്രത്യേകത. മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാക്കിയാല്‍ ആശ്വാസമായി എന്നാണ് ലോകം മുഴുവനും പറയുന്നത്.

കേന്ദ്രസര്‍വകലാശാലയില്‍ ഒരു ആര്‍ടിപിസിആര്‍ ലാബ് കൂടി

ജില്ലയിലെ കോവിഡ് പരിശോധനയില്‍ കേന്ദ്രസര്‍വകലാശാല മികച്ച പിന്തുണ നല്‍കിയതായി മന്ത്രി പറഞ്ഞു. അവിടെ ഒരു ആര്‍ടിപിസിആര്‍ ലാബ് കൂടി സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം നടക്കുന്നു. സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനത്തിനുള്ള ആദരമായി ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലര്‍ ബയോളജി അസോ. പ്രൊഫസര്‍ ഡോ. രാജേന്ദ്ര പിലാങ്ങട്ടയ്ക്കും സംഘത്തിനും മന്ത്രി ഉപഹാരം സമ്മാനിച്ചു.
സംസ്ഥാനത്തേക്ക് യു കെ യില്‍നിന്ന് വരുന്നവരെ സ്‌ക്രീന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയതായി മന്ത്രി പറഞ്ഞു. നിലവില്‍ പത്തോളം പോസിറ്റീവ് കേസുകള്‍ ഇപ്രകാരം ഉണ്ടായി. ഇവരുടെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഇത് ജനിതകമാറ്റം വന്ന കോവിഡ് ആണോ എന്ന് പറയാറായിട്ടില്ല. പക്ഷേ, ഇതിന്റെ ചികിത്സയില്‍ മാറ്റമില്ല.

ആഘോഷിക്കാന്‍ സമയമായില്ല

കോവിഡ് വ്യാപനം തീര്‍ന്നു എന്ന് പറയാറായിട്ടില്ലെന്നും ആഘോഷിക്കാന്‍ സമയമായില്ലെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ വന്ന് അതിന്റെ പ്രതിരോധം കിട്ടാന്‍ മാസങ്ങളെടുക്കും. അതുവരെ കൂട്ടായ്മയോടെയുള്ള ആഘോഷങ്ങള്‍ മാറ്റിവെക്കുക. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയെന്നും കളക്ടര്‍ ഇതിന് മികച്ച പിന്തുണ നല്‍കിയെന്നും മന്ത്രി പറഞ്ഞു.
അവലോകന യോഗത്തില്‍ ഡി.എം.ഒ (ആരോഗ്യം) ഡോ. എ വി രാംദാസ്, ഡി.എം.ഒ ഹോമിയോ ഡോ. രാമസുബ്രഹ്‌മണ്യന്‍, ടാറ്റ ഹോസ്പിറ്റല്‍ ആര്‍എംഒ ഡോ. ശരണ്യ, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. എ.ടി. മനോജ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതിവാമന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. രാജാറാം, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. പ്രകാശ്, കോവിഡ് നോഡല്‍ ഓഫീസര്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവണതകള്‍
അംഗീകരിക്കില്ല- വനിതാ കമ്മീഷന്‍

സമീപകാലത്തായി യൂട്യൂബ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ വഴി സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണെന്നും ഇത്തരം പ്രവണതകളെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് സൈബര്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി സ്ത്രീകളെ പൊതുസമൂഹത്തിന് മുമ്പില്‍ മോശമായി ചിത്രീകരിച്ചുകൊണ്ട്, അവരെ മാനസികമായി വേട്ടയാടുനുള്ള ദുഷ്പ്രവണതകളാണ് ഇത്തരം ചെയ്തികള്‍ക്ക് പിന്നില്ലെന്ന് അവര്‍ പറഞ്ഞു. അഭയാ കേസ് വിധി സ്വാഗതാര്‍ഹമാണ്. മതസ്ഥാപനങ്ങളിലും ആത്മീയ കേന്ദ്രങ്ങളിലും നടക്കുന്ന സ്ത്രീ വിരുദ്ധ-ലൈംഗീക അതിക്രമങ്ങള്‍ക്കെതിയുള്ള തിരിച്ചടിയാണ് ഈ വിധി. തെറ്റ് ചെയ്യുന്നവര്‍ ഇന്നെല്ലെങ്കില്‍,നാളെ ശിക്ഷിക്കപ്പെടുമെന്ന സന്ദേശം സമൂഹത്തിന് നല്‍കാന്‍ ഈ വിധി കഴിഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.