കാസര്‍കോട്: കളക്ടറേറ്റില്‍ വനിതാ കമ്മീഷന് അദാലത്തിന്റെ ആദ്യദിവസം 37 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 12 എണ്ണം പരിഹരിച്ചു. നാല് പരാതികളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടി. ലോക്ഡൗണിന് മുമ്പ് ലഭിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചവയില്ലേറെയും. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കാസര്‍കോട് ജില്ലയില്‍ വലിത തോതില്‍ പരാതികള്‍ ഉണ്ടായിട്ടില്ലെന്ന് വനിതാ കമ്മീഷന് അംഗങ്ങളായ ഇഎം രാധയും ഷാഹിദാ കമാലും പറഞ്ഞു. ആ സമയത്ത് ലഭിച്ച പരാതികള്‍, അതത് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് കൈമാറി, പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി വനിതാ കമ്മീഷന് സ്വീകരിച്ചിരുന്നതായി അംഗങ്ങള്‍ വ്യക്തമാക്കി.
അദാലത്തില്‍ ലഭിച്ച പരാതികളില്‍ അധികവും കുടുംബ കലഹം, തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവയാണ്. ഒരു പത്രമാധ്യമങ്ങളിലൂടെ പൊതുപ്രവര്‍ത്തകയായ ഒരു സ്ത്രീയെ മോശമായ ഭാഷയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയും അദാലത്തില്‍ ലഭിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഇത്തരം അക്രമണങ്ങളെ ഒരുതരത്തിലും ന്യായികരിക്കാന്‍ കഴിയില്ലെന്ന് വനിതാ കമ്മീഷന് വ്യക്തമാക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം, മുന്‍ ജില്ലാപഞ്ചായത്ത് അംഗത്തിനെതിരെ സാമൂഹ്യമാധ്യമങ്ങള്‍ വഴി നടന്ന സൈബര്‍ ആക്രമണത്തെ കുറിച്ചും പരാതി ലഭിച്ചിരുന്നു.
ആ പരാതി അടുത്ത അദാലത്തില്‍ പരിഗണിക്കും. വനിതാ കമ്മീഷന് അംഗങ്ങളായ ഷാഹിദാ കമാല്‍, ഇഎം രാധ, ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്തില്‍ പരാതി പരിഹരിച്ചത്. കാസര്‍കോട് വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് സി ഭാനുമതി, അഡ്വക്കേറ്റുമാരായ എ പി ഉഷ, രേണുകാദേവി, സീനിയര്‍ സി പി ഒ പി ഷീല ,സി പി ഒ ജയശ്രീ, കൗണ്‍സിലര്‍ രമ്യ എന്നിവര്‍ അദാലത്ത് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ജില്ലയില്‍ ഒടുവിലായി വനിതാ കമ്മീഷന് അദാലത്ത് നടത്തിയത്. കാസര്‍കോട് കളക്ടറേറ്റില്‍ ഇന്നും അദാലത്ത് തുടരും.