തൃശ്ശൂർ: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ലളിതാ ബാലനെ തിരഞ്ഞെടുത്തു. ഇരങ്ങാലക്കുടയെ സ്ത്രീ സൗഹൃദ ബ്ലോക്ക് പഞ്ചായത്താക്കി മാറ്റുമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങള്‍ നിറവേറ്റുകയും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും അവരെ സ്വയംപര്യാപ്തരാക്കുകയുമാണ് ലക്ഷ്യമെന്നും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ലളിതാ ബാലന് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ചെറുകിട കുടിവെള്ള പദ്ധതികള്‍ കൊണ്ടുവരും. കൂടാതെ നാടിന്റെ അടിസ്ഥാന വികസനത്തിനും, കാര്‍ഷികം, വനിതാ – ശിശു വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിര്‍മ്മാണം തുടങ്ങിയ എല്ലാ മേഖലകളിലും തുല്ല്യ പ്രാധാന്യത്തോടെ സമഗ്രമായ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരും.
തൃതല പഞ്ചായത്തുകളെയും സംയോജിപ്പിച്ചുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കാനാണ് ലളിതാ ബാലന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന ഭരണസമതി ലക്ഷ്യമിടുന്നത്. മുരിയാട് പഞ്ചായത്തിലെ കപ്പാറ ഡിവിഷനില്‍ നിന്നാണ് ലളിത ബാലന് ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ എസ് രമേഷ് ലളിത ബാലനെ നിര്‍ദ്ദേശിക്കുകയും വി എ ബഷീര്‍ പിന്താങ്ങുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി ജില്ലാ ലേബര്‍ ഓഫീസര്‍ പി ആര് രജീഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.2005 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ ലളിതാ ബാലന് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.