ഇടുക്കി: ബാങ്കുകളുടെ പ്രവര്‍ത്തനം ജില്ലാ അവലോകന സമിതി വിലയിരുത്തി മുന്‍ഗണനാ മേഖലയില്‍ 8400.30 കോടി രൂപയുടെ വായ്പാ സാധ്യത പദ്ധതി രൂപരേഖ പ്രകാശനം ചെയ്തു.  കോവിഡിന്റെ പാശ്ചാത്തലത്തില്‍ സാധാരണക്കാരന്റെ ജീവിതം കരുപിടിപ്പിക്കാന്‍ ബാങ്കുകളുടെ സഹകരണം ഉണ്ടാകണമെന്ന് കളക്ടറേറ്റ് കോണ്‍ഫെറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തു ഡീന്‍ കുര്യക്കോസ് എംപി നിര്‍ദ്ദേശിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരന്റെ സാമ്പത്തിക സ്ഥിതിക്ക് വന്ന മാറ്റങ്ങള്‍ വലുതാണ്. ഇവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഒരു പരിധി വരെ ബാങ്കുകള്‍ക്ക് സാധിക്കും. വിദ്യാഭ്യാസ ലോണുമായി ബന്ധപ്പെട്ട് ഒട്ടനവധി പരാതികള്‍ ആണ് ലഭിക്കുന്നതെന്നും അതുമായി ബന്ധപ്പെട്ട് വ്യക്തമായ സംശയ നിവാരണത്തിനും ബോധവല്‍ക്കരണത്തിനും സംസ്ഥാന സമിതി യോഗത്തില്‍ ജില്ലാതല സമിതിയുടെ തീരുമാനം സമര്‍പ്പിക്കണം. ജില്ലയുടെ പ്രത്യേകത പരിഗണിച്ചു സമീപങ്ങളില്‍ ബാങ്ക് സേവനം ലഭിക്കാത്തിടത്ത് ശാഖയോ എടിഎം സെന്ററോ സ്ഥാപിക്കണം. നാടിന്റെ പൊതുവായ സാമ്പത്തിക സ്ഥിതിക്ക് മികച്ച ഇടപെടീലുകളാണ് ബാങ്കുകള്‍ നിര്‍വഹിക്കുന്നതെന്നും എംപി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ നടത്തിപ്പും പുരോഗതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തിന് എഡിഎം ആന്റണി സ്‌കറിയ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ ലോണുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണങ്ങള്‍ക്ക് സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി അപേക്ഷിച്ച ലോണുകളില്‍ തീരുമാനമാകാതെയുള്ളവയുടെ തടസ്സം നീക്കി അംഗീകരിക്കാന്‍ കഴിയുന്നവയ്ക്ക് അംഗീകാരം നല്‍കുകയും ബാക്കിയുള്ളവയുടെ തീരുമാനം ഉടന്‍ അപേക്ഷകരെ അറിയിക്കാന്‍ ബാങ്കുകള്‍ നടപടി സ്വീകരിക്കാനും അവലോകന സമിതിയില്‍ തീരുമാനമായി.

ജില്ലയുടെ ചിലപ്രദേശങ്ങളില്‍ ബാങ്കുകള്‍ക്ക് ശാഖകള്‍ ഇല്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നു. പ്രസ്തുത സ്ഥലങ്ങളുടെ സര്‍വേ നടത്തി ശാഖ ആരംഭിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കണം. ഓരോ ബാങ്കിന്റെയും പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും കൈവരിക്കേണ്ട ലക്ഷ്യവും യോഗത്തില്‍ അവലോകനം ചെയ്തു. ബാങ്കുമായി ബന്ധപ്പെട്ട വിവിധ സാമൂഹിക സുരക്ഷ പദ്ധതികള്‍, സാമ്പത്തിക പദ്ധതികള്‍, റവന്യൂ റിക്കവറി, വ്യക്തിഗത സംരംഭങ്ങള്‍, വകുപ്പുകളുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍, തുടങ്ങിയവയും യോഗത്തില്‍ അവലോകനം ചെയ്തു. ബാങ്് പ്രതിനിധികളും ജില്ലാ പദ്ധതി നിര്‍വ്വഹണോദ്യോഗസ്ഥരും ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തില്‍ പ്രവര്‍ത്തന പുരോഗതി അവതരിപ്പിച്ചു.

ജില്ലയുടെ സമഗ്ര വികസനത്തിന് 2021-22 സാമ്പത്തിക വര്‍ഷത്തേക്കു നബാര്‍ഡ് തയ്യാറാക്കിയ വായ്പാ സാധ്യതാ പദ്ധതി രൂപരേഖ ഡീന്‍ കുര്യക്കോസ് എംപി പ്രകാശനം ചെയ്തു. എഡിഎം ആദ്യപ്രതി ഏററുവാങ്ങി. 2021-22 വര്‍ഷത്തെ കാര്‍ഷികം, എം എസ്് എം ഇ, പാര്‍പ്പിടം, വിദ്യാഭ്യാസം എന്നീ മുന്‍ഗണനാ മേഖലകള്‍ക്ക് 8400.30 കോടി രൂപയുടെ വായ്പാ പദ്ധതിയാണ് നബാര്‍ഡ് വിഭാവനം ചെയ്യുന്നതെന്ന് എജിഎം അശോക് കുമാര്‍ നായര്‍ അറിയിച്ചു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്കും വകുപ്പുകള്‍ക്കുമുള്ള വാര്‍ഷിക ക്രെഡിറ്റ് പ്ലാനിന്റെ അടിസ്ഥാനമായ നബാര്‍ഡ് പ്രതിവര്‍ഷം ജില്ലയ്ക്കായി തയ്യാറാക്കുന്ന പദ്ധതിയാണ് പൊട്ടെന്‍ഷ്യല്‍ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാന്‍ (വായ്പാ സാധ്യതാ പദ്ധതി)

യോഗത്തില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജറും റീജിയണല്‍ ഹെഡുമായ ജയദേവ് നായര്‍ മുഖ്യാതിഥി ആയിരുന്നു. ലീഡ് ജില്ലാ മാനേജര്‍ രാജഗോപാലന്‍ ജി, ആര്‍ബിഐ എല്‍.ഡി.ഒ വിവി വിശാഖ്, നബാര്‍ഡ് ഡി.ഡി.എം അശോക് കുമാര്‍ നായര്‍, ആര്‍.എസ്.ഇ.ടി.ഐ ഡയറക്ടര്‍ ടി മുരളീധരന്‍, വിവിധ വകുപ്പ്തല നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബാങ്കുകൾ സെപ്റ്റംബർ വരെ വിതരണം ചെയ്തത് 2763.26 കോടി രൂപ

നടപ്പു സാമ്പത്തിക വർഷം സെപ്റ്റംബറിൽ അവസാനിച്ച അർദ്ധവാർഷികത്തിൽ ജില്ലയിലെ ബാങ്കുകൾ വിതരണം ചെയ്തത് 2763.26 കോടി രൂപ .
ഇതിൽ 2208.06 കോടി രൂപ മുൻഗണന വിഭാഗത്തിനാണ് നൽകിയത് . കാർഷികവിള ഉല്പാദനത്തിന് 1081.24 കോടി രൂപയും കാർഷിക അനുബന്ധ പ്രവർത്തനങ്ങൾക്കു 299.06 കോടി രൂപയും ഉൾപ്പെടെ കാർഷിക മേഖലയിൽ 1380.30 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 429.56 കോടി രൂപയും ഭവന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉൾപ്പെടുന്ന മറ്റ് മുൻഗണന മേഖലയ്ക്ക് 398.20 കോടി രൂപയും വിതരണം ചെയ്തു .
സെപ്റ്റംബർ അവസാനം ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 2020 മാർച്ച് മാസത്തിൽ നിന്നും 250.68 കോടി രൂപ ഉയർന്നു 9141.98 കോടി രൂപയായി. ഈ അർദ്ധവാർഷികത്തിൽ ജില്ലയിലെ പ്രവാസി നിക്ഷേപത്തിൽ 227.20 കോടി രൂപ വർധിച്ചു 2287.40 കോടി രൂപയായി. കാസ (കറൻറ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് ) നിക്ഷേപം 2597.19 കോടി രൂപയാണ് . ഈ അർദ്ധ വാർഷികത്തിൽ 251.61 കോടി രൂപയുടെ വർദ്ധനവ് ആണ് ഉണ്ടായത്.
മൊത്തം വായ്പ 474.08 കോടി രൂപയുടെ വർദ്ധനവോടെ 11644.99 കോടി രൂപയായി ഉയർന്നു . ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 127.38% ആയി ഉയരുകയും ചെയ്തു. ഇന്നലെ (29) നടന്ന സെപ്റ്റംബർ പാദം ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തിലാണ് ഈ കാര്യങ്ങൾ വിശദീകരിച്ചത്.