തൃശ്ശൂർ:കേരളത്തിൽ ആദ്യമായി ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ഒക്യുപ്പേഷണൽ തെറാപ്പി കോഴ്സ് ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ സെന്ററിൽ ആരംഭിക്കുന്നു. കേരള ആരോഗ്യ സർവ്വകലാശാലയുടെ അംഗീകാരത്തോടെയാണ് പുതിയ കോഴ്സായ ബാച്ചിലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പി ( ബി ഒ ടി ) കോഴ്സ് ആരംഭിക്കുന്നത്. നാലരവർഷംകൊണ്ട് പൂർത്തിയാക്കുന്ന പ്രൊഫഷണൽ കോഴ്സിന്റെ പ്രവേശന നടപടികൾ ലാൽ ബഹദൂർ ശാസ്ത്രി സെന്ററിനിന് കീഴിലാണ് പുരോഗമിക്കുന്നത്. തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻ്റ് ഹിയറിങ് തെറാപ്പി സെന്ററിനാണ് എൻ ഐ പി എം ആറിന് പുറമെ ഒക്യുപ്പേഷണൽ തെറാപ്പി കോഴ്സിന് അനുമതി ലഭിച്ചിട്ടുള്ളത്.

പാരാമെഡിക്കൽ കോഴ്സുകൾക്കൊപ്പം നിൽക്കുന്ന ഭിന്നശേഷി രംഗത്തെ ആദ്യത്തെ പ്രൊഫഷണൽ ഡിഗ്രി എന്ന പ്രത്യേകതയും ബി ഒ ടി കോഴ്സിനുണ്ട്. ഒ ടി പി കോഴ്സിനായി എൻ ഐ പി എം ആറിൽ ഇരുപത് സീറ്റുകളാണുള്ളത്. പ്ലസ് ടു ബയോളജി സയൻസിൽ അൻപത് ശതമാനം മാർക്കുള്ളവർക്ക് കോഴ്സിൽ ചേരാം. ലാബ്, ലൈബ്രറി തുടങ്ങിയ പ്രയോഗികവും ക്ലിനിക്കലുമായ പരിശീലനത്തിന് വേണ്ട സൗകര്യങ്ങൾ എൻ ഐ പി എം ആറിൽ സജ്ജമാണ്. ഭിന്നശേഷിക്കാർക്ക് സൂഷ്മ ചലനങ്ങൾ സംബന്ധിച്ച ബുദ്ധിമുട്ടുകൾ എങ്ങനെ പരിഹരിക്കാം, ഓട്ടിസം പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഉണ്ടാകുന്ന
ഇന്ദ്രിയ സംയോജന പ്രശ്നങ്ങൾക്ക് എങ്ങനെ പ്രതിവിധി കണ്ടെത്താം, ഭിന്നശേഷിക്കാർക്ക് ദിനചര്യകൾ പോലുള്ള കാര്യങ്ങളിൽ എങ്ങനെ പരിശീലനം നൽകാം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചായിരിക്കും പ്രധാനമായും കോഴ്സ്.ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എൻ ഐ പി എം ആർ. എൻ കെ മാത്യു ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ സെറിബ്രൽ പാൾസി ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി പ്രവർത്തനം ആരംഭിച്ച സ്ഥാപനം 2012ൽ സാമൂഹികനീതി വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. സ്പെഷ്യൽ സ്കൂൾ എന്നതിൽ നിന്ന് പ്രൊഫഷണൽ കോളേജിലേക്കുള്ള എൻ ഐ പി എം ആറിന്റെ വളർച്ച ഭിന്നശേഷി രംഗത്തെ മികച്ച നേട്ടങ്ങളിലൊന്നാണെന്ന് ജോയിന്റ് ഡയറക്ടർ സി ചന്ദ്രബാബു പറഞ്ഞു