എറണാകുളം: ഷിഗല്ല സംശയിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ചോറ്റാനിക്കര സ്വദേശിനിക്ക് ഷിഗല്ല സ്ഥിരീകരിച്ചു. റീജനൽ പബ്ലിക്ക് ഹെൽത്ത് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബർ 23ന് ചികിത്സ തേടിയ ഇവർ കഴിഞ്ഞ ദിവസം രോഗമുക്തയായതിനെ തുടർന്ന് ആശുപത്രി വിട്ടു. രോഗബാധ റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ആരോഗ്യ വകുപ്പ് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിരുന്നു. രോഗബാധ കണ്ടെത്തിയ വീട്ടിലെ ഉൾപ്പെടെ പ്രദേശത്തെ കിണറുകളിലെ വെള്ളത്തിൻ്റെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗത്തിൻ്റെ ഉറവിടം കണ്ടെത്തുന്നതിൻ്റെ ഭാഗമായാണ് വെള്ളത്തിൻ്റെ സാമ്പിളുകൾ ശേഖരിച്ചത്. കൂടാതെ പ്രദേശത്തെ ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും സംയോജിതമായി പരിശോധന നടത്തി വരുന്നു.
