Kerala’s Top 50 Policies and Projects-03
ജനങ്ങളുമായി ഏറ്റവും കൂടുതൽ അടുത്തു ബന്ധപ്പെടുന്ന വകുപ്പാണ് ഭക്ഷ്യപൊതുവിതരണം. വകുപ്പിൻ്റെ സേവനങ്ങളിൽ ഏറ്റവും പ്രധാനം റേഷൻ കടകൾ തന്നെയാണ്. അതുകൊണ്ട് പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താനും ആധുനീകരിക്കാനും സ്വീകരിച്ച സുപ്രധാന നടപടികളെക്കുറിച്ചാണ് ഇന്നത്തെ കുറിപ്പ്.
പുതിയ റേഷൻ കാർഡുകൾ നൽകാനും റേഷൻകാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള നിയമങ്ങളും നടപടി ക്രമങ്ങളും ലളിതമാക്കാനുമായി എന്നതാണ് ഈ മേഖലയിൽ സ്വീകരിച്ച ഏറ്റവും പ്രധാനപ്പെട്ട നയം. അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ പുതിയ റേഷൻ കാർഡ് നൽകാനും റേഷൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ അധിഷ്ഠിതമായി സൗജന്യ റേഷൻ നൽകാനും അർഹരെ ഉൾപ്പെടുത്തി മുൻഗണനാ പട്ടിക കാലികമായി പരിഷ്കരിക്കാനും പൊതുവിതരണ വകുപ്പിന് കഴിഞ്ഞു.
80 ലക്ഷത്തിലധികം റേഷൻ കാർഡുകളാണ് കഴിഞ്ഞ നാല് വർഷത്തിനിടെ പുതുക്കി നൽകിയത്. സ്വന്തമായി വീട് ഇല്ലാത്തവർക്ക് ഉൾപ്പെടെ പത്ത് ലക്ഷത്തോളം റേഷൻകാർഡുകൾ പുതുതായി നൽകി. ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കടകൾ വഴി സാധനങ്ങൾ എത്തിക്കുന്ന പദ്ധതി ഉൾപ്പെടെ പൊതുവിതരണ സമ്പ്രദായം മികച്ച നിലയിലേക്ക് ഉയർന്നു.
പൊതുവിതരണ സമ്പ്രദായം പൂർണമായി ഡിജിറ്റലെസ് ചെയ്യുന്നതിനും പുതിയ റേഷൻ കാർഡിനുള്ള അപേക്ഷയും അനുബന്ധ സേവനങ്ങളും ഓൺലൈനാക്കി കാലത്തിനനുസരിച്ച് മാറുന്നതിനും ഈ മേഖലയിൽ പുരോഗതി നേടാനും ഈ സർക്കാരിന് കഴിഞ്ഞു. കേരളത്തിലെ എല്ലാ റേഷൻകടകളിലും (14,181) ഇ പോസ് മെഷീനുകൾ സ്ഥാപിച്ചതും റേഷൻ കടകൾ നവീകരിച്ചതും നാം നേരിട്ട് കണ്ട കാര്യങ്ങളാണ്. ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം നടപ്പിലാക്കി സർക്കാർ നേരിട്ട് 106 ഗോഡൗണുകൾ ആരംഭിച്ചതിലൂടെ സേവനങ്ങൾ സുതാര്യമാക്കാനും കഴിഞ്ഞു.
സംസ്ഥാന ഫുഡ് കമ്മീഷൻ രൂപീകരിക്കുവാനും പരാതി പരിഹാരത്തിന് ഇ ഗവേണൻസ്, എം ഗവേണൻസ് സംവിധാനത്തിലൂടെ പൊതുവിതരണ രംഗത്ത് സമാനതകളില്ലാത്ത പുരോഗതി കൈവരിക്കാനും സാധിച്ചു. സേവനലഭ്യത സുതാര്യവും ലളിതവുമാക്കാൻ സാധിച്ചത് വലിയ നേട്ടമായി കരുതാം.