കൊച്ചി: പരിസര ശുചിത്വത്തിന്റെ അഭാവത്തില്‍ പൊട്ടിപ്പുറപ്പെടുന്ന രോഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷനും കിലയും സംയുക്തമായി നടപ്പിലാക്കുന്ന ദ്വിദിന ക്യാമ്പ് ‘ജാഗ്രതോത്സവം’ പാറക്കടവ് ബ്ലോക്കില്‍ വൈസ് പ്രസിഡന്റ് ചന്ദ്രശേഖര വാര്യര്‍ ഉദ്ഘാടനം ചെയ്തു.
കുട്ടികളില്‍ പരിസര ശുചിത്വത്തിന്റെ ആവശ്യകത എത്തിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. കില, സാക്ഷരതാ മിഷന്‍ അതോറിറ്റി, ശുചിത്വ മിഷന്‍ കുടുംബശ്രീ മിഷന്‍, പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ജാഗ്രതോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. കൊതുകിന്റെ ലോകം, എലിവാഴുംകാലം, ജലജന്യരോഗം എന്നിവ സംബന്ധിച്ച ക്ലാസുകളും കുട്ടികള്‍ക്ക് ഇവയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങളുമാണ് ജാഗ്രതോത്സവത്തിന്റെ ഉള്ളടക്കം. സംസ്ഥാന തലത്തില്‍ കുടുംബശ്രീ, ഹരിത കേരളംമിഷന്‍, ശുചിത്വമിഷന്‍ പ്രവര്‍ത്തകര്‍ക്ക് കിലയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. ഇത്തരത്തില്‍ പരിശീലനം നേടിയ പ്രവര്‍ത്തകര്‍ ജില്ലാതലത്തിലുള്ളവര്‍ക്കാണ് പരിശീലനം നല്‍കേണ്ടത്. തുടര്‍ന്ന് ഇവര്‍ ബ്ലോക്ക് തലത്തിലും പഞ്ചായത്തുകളിലെ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കണം. പഞ്ചായത്തുകളില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, എന്നിവര്‍ക്കാണ് ചുമതല. ഇവര്‍ക്കാണ് വാര്‍ഡുതല പരിശീലന ചുമതല. വാര്‍ഡു തലത്തില്‍ കുടുംബശ്രീ എ.ഡി.എസ്., വാര്‍ഡ്തല ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റി, വാര്‍ഡുമെമ്പര്‍ എന്നിവര്‍ കുട്ടികള്‍ക്കു ക്ലാസു നല്‍കണം. വാര്‍ഡിലെ അഞ്ചു മുതല്‍ ഒന്‍പതാം ക്ലാസുവരെയുള്ള മുഴുവന്‍ കുട്ടികളെയും അവരുടെ രക്ഷാകര്‍ത്താക്കളെയും ക്യാമ്പുകളില്‍ പങ്കെടുപ്പിക്കണം. 50-60 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുപ്പിക്കേണ്ടത്. കിലയുടെ പരിശീലക ശാലിനി ബിജു ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ഡുതലത്തില്‍ രണ്ടു ദിവസങ്ങളിലായി രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് ജാഗ്രതോത്സവങ്ങള്‍ നടക്കുന്നത്. കുട്ടികള്‍ക്ക് പ്രൊജക്ട് തയാറാക്കാനുള്ള നിര്‍ദേശങ്ങളും ക്യാമ്പില്‍ നല്‍കുന്നു. കഴിഞ്ഞ വര്‍ഷം വീടിന്റെ പരിസരത്തു നടന്ന ഏതെങ്കിലും പകര്‍ച്ചപ്പനി മരണമോ, പനി ബാധിച്ച് ചികിത്സ തേടിയവരുടേയാ കണക്കുകളും പ്രത്യേകതകളും കുട്ടികള്‍ക്ക് പ്രൊജക്ടായി സമര്‍പ്പിക്കാം. പരിസരത്തെ മാലിന്യപ്രശ്‌നങ്ങളും വെള്ളക്കടലാസില്‍ തയാറാക്കി വിവരണങ്ങളായി നല്‍കാം. പാട്ടും ഡാന്‍സും കഥകളും കവിതകളുമൊക്കെയായി കുട്ടികള്‍ക്ക് ആകര്‍ഷകമാകുന്ന രീതിയിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. പ്രാദേശിക വിഭവ സമാഹരണത്തിലൂടെയുള്ള വസ്തുക്കള്‍ രക്ഷാകര്‍ത്താക്കളുടെ നേതൃത്വത്തില്‍ പാകം ചെയ്താണ് കുട്ടികള്‍ക്ക് ക്യാമ്പില്‍ ഭക്ഷണമായി നല്‍കേണ്ടത്. കൃത്രിമ പാനീയങ്ങളും ഭക്ഷണ പദാര്‍ത്ഥങ്ങളും ഉപയോഗിക്കരുത്. കുടിക്കാന്‍ കരിക്ക്, നാരങ്ങാവെളളം, പാഷന്‍ ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവ നല്‍കാം. മെയ് മാസം പകുതിയോടെയാണ് വാര്‍ഡുതല ക്യാമ്പുകള്‍ ആരംഭിക്കുക.
പാറക്കടവ് ബ്ലോക്ക് ഹാളില്‍ നടന്ന ക്യാമ്പില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജേഷ് മടത്തി മൂല, സി.എസ് രാധാകൃഷ്ണന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ബ്ലോക്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: പാറക്കടവ് ബ്ലോക്കിലെ ജാഗ്രതോത്സവം പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഡോ. കെ.കെ. ജോഷി ഉദ്ഘാടനം ചെയ്യുന്നു.