കൊച്ചി: പകര്‍ച്ചവ്യാധി പ്രതിരോധനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ‘പ്രതിദിനം – പ്രതിരോധം – ജാഗ്രതോത്സവം 2018 ട്രെയിനര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലനം നടത്തി.  കുടുംബശ്രീ, സാക്ഷരതാ പ്രേരക്, ആരോഗ്യ വകുപ്പ്, ഹരിത കേരളംശുചിത്വ മിഷന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ നടത്തിയ ജാഗ്രതോത്സവം പരിശീലന പരിപാടി വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി ഉദ്ഘാടനം ചെയ്തു.
പരിസര ശുചിത്വത്തിന്റെ അഭാവത്തില്‍ പൊട്ടി പുറപ്പെടുന്ന രോഗങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പരിശീലനം നേടിയ അഞ്ചു പേര്‍ ക്ലാസ്സുകള്‍ നയിച്ചു. ആരോഗ്യം, ശുചിത്വം, ജലസംരക്ഷണ സന്ദേശങ്ങളും പ്രവര്‍ത്തനങ്ങളും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വാര്‍ഡ് തലത്തിലും പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ചു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസിലെ കുട്ടികളെയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രകൃതി പഠനവും സര്‍വ്വേയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് ജാഗ്രതോത്സവത്തില്‍ നടക്കുക.
കൊതുകിന്റെ ലോകം, എലി വാഴും കാലം, ജലജന്യരോഗങ്ങള്‍ എന്നിവ സംബന്ധിച്ച ക്ലാസ്സുകളും ഇതുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങളുമാണ് ജാഗ്രതോത്സവത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
കില ബ്ലോക്ക് തല ആര്‍.പി കെ.എം വിശ്വംഭരന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോസ് അഗസ്റ്റിന്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി.വി. ലൂയിസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീദേവി നമ്പൂതിരി, കില കോ-ഓര്‍ഡിനേറ്റര്‍ എം.സി. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.