ഫിഷറീസ്‌വകുപ്പിന്റെ നൂതന മത്സ്യകൃഷി 2016-19 ന്റെ ഭാഗമായി നടത്തിയ ഓരുജല സമ്മിശ്രകൃഷി പ്രദര്‍ശന ഫാമിലെ വിളവെടുപ്പ് പാപ്പിനിശ്ശേരി പഞ്ചായത്തിലെ തോട്ടത്തില്‍ ശ്യാമളയുടെ ഫാമില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുമേഷ് കെ.വി. നിര്‍വ്വഹിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. ലീല അദ്ധ്യക്ഷത വഹിച്ചു.  പാപ്പിനിശ്ശേരി പഞ്ചായത്ത്  അംഗം നാദിറ പി.പി. സംസാരിച്ചു.  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍/ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബീന സുകുമാര്‍ സ്വാഗതവും മത്സ്യ കര്‍ഷകന്‍ തോട്ടത്തില്‍ കണ്ണന്‍ നന്ദിയും പറഞ്ഞു. വ്യത്യസ്ത തരം മത്സ്യങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള വൈവിധ്യവല്‍ക്കരണം ജലകൃഷിയില്‍ നടപ്പിലാക്കുക എന്ന ആശയം മുന്നില്‍ കണ്ടുകൊണ്ടാണ് നൂതന മത്സ്യകൃഷി പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്.  ഇതിന്റെ ഭാഗമായി കര്‍ഷകരുടെ തലത്തില്‍ പ്രദര്‍ശന ഫാം പദ്ധതി നടപ്പിലാക്കിവരുന്നു.  പദ്ധതിയുടെ ഭാഗമായി സമ്മിശ്രകൃഷി, ഓരുജലത്തിലെ കൂടുകൃഷി, എസ്.പി.എഫ് കാര ചെമ്മീന്‍ കൃഷി, നാരന്‍ ചെമ്മീന്‍ കൃഷി എന്നീ പദ്ധതികളാണ് ജില്ലയില്‍ നടപ്പിലാക്കിവരുന്നത്.  പരസ്പരം പൊരുത്തപ്പെട്ട് ജീവിക്കാന്‍ സാധിക്കുന്ന ഒന്നിലധികം തരം മത്സ്യങ്ങളെ ഒന്നിച്ച് വളര്‍ത്തുന്ന കൃഷിരീതിയാണ് സമ്മിശ്ര മത്സ്യകൃഷി.  പൂമീന്‍, തിരുത, കരിമീന്‍ തുടങ്ങിയ മീനുകളാണ് ഈ കൃഷിരീതിക്ക് അനുയോജ്യം.