തിരുവനന്തപുരം:  ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു അറിയിച്ചു. പക്ഷികളില്‍ നിന്നും പക്ഷികളിലേക്ക് പകരുന്ന പനി ചില സാഹചര്യത്തില്‍ മനുഷ്യരിലേക്കും പകരാനിടയുണ്ട്. പക്ഷികളുടെ വിസര്‍ജ്യത്തിലൂടെയും അവയുടെ ശരീര സ്രവങ്ങള്‍ വഴി വായുവിലൂടെയുമാണ് രോഗം പടരുന്നത്. അതിനാല്‍ പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.

പക്ഷികളെ പരിപാലിക്കുമ്പോള്‍ കയ്യുറയും മുഖാവരണവും ധരിക്കണം. പരിപാലനത്തിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. പനി, തലവേദന, ശരീര വേദന, മൂക്കൊലിപ്പ്, ചുമ, കഫക്കെട്ട്, മഞ്ഞ നിറത്തിലുള്ള കഫം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. പക്ഷികള്‍ കോഴികള്‍ താറാവുകള്‍ എന്നിവ അസ്വാഭാവികമായി ചത്തുപോയാല്‍ വിവരം ഉടന്‍ ആരോഗ്യവകുപ്പിനേയോ മൃഗസംരക്ഷണ വകുപ്പിനേയോ അറിയിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.