തൃശ്ശൂര്‍:  വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ പുതിയ സംരംഭമായ ഒആർസി (our responsibility to children)യുടെ ആഭിമുഖ്യത്തിൽ പീച്ചി ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ സ്മാർട്ട് ’40’ക്യാമ്പ് ആരംഭിച്ചു. കുട്ടികളിലെ വൈകാരികമായ വ്യതിയാനങ്ങളെയും മറ്റ് മാനസികമായ പ്രതിസന്ധികളെയും തിരിച്ചറിഞ്ഞ് അവരിൽ ആത്മവിശ്വാസം വളർത്തി പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് ജീവിത വിജയം നേടാൻ പ്രാപ്തമാക്കുകയാണ് ജീവിതനൈപുണി ക്ലാസുകളുടെ ലക്ഷ്യം.

പ്രധാനമായും 10 നൈപുണികളെ പരിപോഷിപ്പിക്കുന്ന പരിശീലനമാണ് ക്യാമ്പിൽ നൽകുന്നത്. സ്വയം മനസ്സിലാക്കുക, മറ്റുള്ളവരോട് അനുതാപം പ്രകടിപ്പിക്കുക, ആശയ വിനിമയം, പ്രശ്‌ന പരിഹാരം, തീരുമാനമെടുക്കൽ, വികാരങ്ങളുമായി പൊരുത്തപ്പെടൽ, വിമർശനാത്മക ചിന്ത, സർഗാത്മക ചിന്ത, സംഘർഷങ്ങളുമായി പൊരുത്തപ്പെടൽ, വ്യക്ത്യാന്തര ബന്ധം, മാനസികമായ സമ്മർദ്ദങ്ങളുമായി പൊരുത്തപ്പെടൽ എന്നിവയാണ് 10 നൈപുണികൾ. ക്യാമ്പിന്റെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പീച്ചി വാർഡ് മെമ്പർ ബാബു തോമസ് നിർവഹിച്ചു.

ജനുവരി 14 ന് ക്യാമ്പ് സമാപിക്കും.പിടിഎ വൈസ് പ്രസിഡന്റ് സജി താന്നിക്കൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.ജെ ബിജു, ഒആർസി നോഡൽ ടീച്ചർ വി. സുകുമാരൻ, ജില്ലാ കോഡിനേറ്റർ ടി.വി ബീന, സ്‌കൂൾ കൗൺസിലർ ദൃശ്യ പി.എസ്, പ്രിൻസിപ്പൽ സി.കെ ഷെറീന എന്നിവർ സംസാരിച്ചു. ഷറഫുദ്ദീൻ, ഷാഹിത സഗീർ, ജിതിൻ ബാബു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.