കൊല്ലം: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ടേക്ക് എ ബ്രേക്ക് മാതൃകയിലുള്ള വഴിയോര വിശ്രമ കേന്ദ്രമായ തണ്ണീര്‍ പന്തല്‍ പദ്ധതി എല്ലാ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് സാം കെ.ഡാനിയല്‍. നെടുമ്പന ഗ്രാമപഞ്ചായത്തിലെ കണ്ണനല്ലൂര്‍-ആയൂര്‍റോഡില്‍ കുണ്ടുമണില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു പ്രസിഡന്റ്.
കഫറ്റേരിയ, ടോയ്‌ലറ്റ് ബ്ലോക്ക്, എ ടി എം കൗണ്ടര്‍ ഉള്‍പ്പടെയുള്ള വഴിയോര വിശ്രമകേന്ദ്രമാണ് തണ്ണീര്‍പന്തല്‍. 20 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഗ്രാമപഞ്ചായത്തുകളാണ് സ്ഥലം ലഭ്യമാക്കുന്നത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായി സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് മുഖേനയാണ് പ്രോജക്ട് നടപ്പാക്കുന്നത്. ചിതറ, ഉമ്മന്നൂര്‍ എന്നിവിടങ്ങളില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു.
സംസ്ഥാനത്ത് ആദ്യമായി തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കിയത് കൊല്ലം ജില്ലാ പഞ്ചായത്താണെന്നും തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രോജക്ട് ഏറ്റെടുക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.