മലപ്പുറം: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായുള്ള ജില്ലാതല കോഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ്ങ് കമ്മറ്റി (ദിശ) യോഗം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ വികസന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ ജില്ല എക്കാലവും മുന്നിലായിരുന്നുവെന്ന് എം.പി പറഞ്ഞു. ജില്ലയില്‍ നടപ്പാക്കാന്‍ കഴിയുന്ന കൂടുതല്‍ കേന്ദ്ര പദ്ധതികളെപ്പറ്റി പഠിക്കാന്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം. വികസനം മുന്‍നിര്‍ത്തിയുള്ള ഏതൊരു പദ്ധതിക്കും കേന്ദ്രത്തില്‍ നിന്ന് അംഗീകാരവും ഫണ്ടും നേടിയെടുക്കാന്‍ ജില്ലയിലെ എം.പിമാര്‍ പരമാവധി പിന്തുണ നല്‍കുമെന്നും എം.പി പറഞ്ഞു.
പി.എം.ജി.എസ്.വൈയില്‍ ഏറ്റെടുത്ത വഴിക്കടവ് ഗ്രാമ പഞ്ചായത്തിലെ സ്‌കൂള്‍ കുന്ന് മദ്ദളപ്പാറ റോഡിന്റെ ഒരുഭാഗത്തിന് വനം വകുപ്പിന്റെ അനുമതി ആവശ്യമായതിനാല്‍ വര്‍ഷങ്ങളായി പ്രവൃത്തി തടസ്സപ്പെട്ടു കിടക്കുകയാണ്. വനം വകുപ്പില്‍ നിന്നും അടിയന്തരമായി അനുമതി ലഭ്യമാക്കാന്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് എ.പി അബ്ദുള്‍ വഹാബ് എം.പി നിര്‍ദേശം നല്‍കി.
ജലജീവന്‍ മിഷന്റെ ഭാഗമായി 2024 ഓടു കൂടി എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കാനുള്ള പദ്ധതി പുരോഗമിച്ചു വരികയാണെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പി.എം.എ.വൈയില്‍ ബാക്കിയുള്ള ഗുണഭോക്താക്കള്‍ക്ക് എത്രയും പെട്ടെന്ന് ധനസഹായം നല്‍കി പദ്ധതിയുടെ അടുത്ത ഘട്ടം നേടിയെടുക്കണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ നിര്‍ദ്ദേശിച്ചു.
പി.എം.എ.വൈ പട്ടികയിലെ ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതം നല്‍കിയതായും 2021-22 വര്‍ഷത്തെ പദ്ധതിയിലും ലൈഫ്, പി.എം.എ.വൈ ഭവന പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് ഗണ്യമായ തുക നീക്കിവെച്ചിട്ടുണ്ട് എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എം.കെ റഫീഖ അറിയിച്ചു.
യോഗത്തില്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി, നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ/ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ബി.ഡി.ഒമാര്‍ എന്നിവര്‍ പങ്കെടുത്തു.