പത്തനംതിട്ട: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണും കാതുമായി തെരഞ്ഞെടുപ്പിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള ചെലവ് നിരീക്ഷകന്‍ സ്വരൂപ് മന്നവ പറഞ്ഞു. ചുമതല ഏറ്റെടുത്തശേഷം പത്തനംതിട്ട കളക്ടറേറ്റില്‍ ഉദ്യോഗസ്ഥര്‍ക്കായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് ജോലികളില്‍ ഒരുപോലെ പങ്കുണ്ടെന്നും അഞ്ച് വര്‍ഷത്തിനിടയില്‍ കിട്ടുന്ന അവസരം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പില്‍ ചെലവ് നിരീക്ഷകരുടെയും സ്‌ക്വാഡ് അംഗങ്ങളുടെയും പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ജോലിക്കൊപ്പം ഉദ്യോഗസ്ഥര്‍ ആരോഗ്യത്തിനും മതിയായ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി നിയോഗിക്കപ്പെട്ടിട്ടുള്ള അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഓഫീസര്‍മാര്‍, വിവിധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ക്കായാണ് ചെലവ് നിരീക്ഷകന്‍ സ്വരൂപ് മന്നവയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. തിരുവല്ല, റാന്നി, അടൂര്‍, ആറന്മുള, കോന്നി എന്നീ മണ്ഡലങ്ങളിലായി 45 സ്‌ക്വാഡുകളും അഞ്ച് അക്കൗണ്ടിംഗ് ടീമും ആണുള്ളത്. എഡിഎം ഇ. മുഹമ്മദ് സഫീര്‍, ഫിനാന്‍സ് ഓഫീസര്‍ ഷിബു എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.