കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഇതുവരെ പൊതുസ്ഥലങ്ങളില്‍ നിന്ന് 15828 പ്രചരണ സാമഗ്രികളും സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് 11 പ്രചരണ സാമഗ്രികളും ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ നിന്ന് 240 ചുവരെഴുത്തുകളും 10480 പോസ്റ്ററുകളും 1222 ബാനറുകളും 2886 മറ്റ് പ്രചരണ സാമഗ്രികളും നീക്കം ചെയ്തു. 11 പോസ്റ്ററുകളാണ് സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് നീക്കം ചെയ്തത്.

പൊതുസ്ഥലങ്ങളിലെ പരസ്യങ്ങള്‍, ചുവരെഴുത്ത്, പോസ്റ്ററുകള്‍, ഹോര്‍ഡിങ്ങ്‌സ്, ബാനറുകള്‍, കൊടികള്‍ തുടങ്ങിയവ നീക്കം ചെയ്യുക, പ്രചരണത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങള്‍ വികൃതമാക്കുന്നത് തടയുക, സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് രേഖാമൂലമുള്ള അനുമതിയില്ലാതെ സ്ഥാപിച്ച ബാനറുകളും തോരണങ്ങളും ബാനറുകളും നീക്കം ചെയ്യുക, ഇത്തരം നിയമ ലംഘനങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുക തുടങ്ങിയവയാണ് സ്‌ക്വാഡിന്റെ ചുമതല.