പൊന്‍കതിര്‍ മെഗാ എക്‌സിബിഷനില്‍ സൗജന്യ സേവനങ്ങളുമായി ഇലക്ട്രോണിക്‌സ് ആന്റ് ഐടി വകുപ്പിന്റെ സ്റ്റാളുകള്‍. ഐടിമിഷന്റെ കീഴിലുള്ള അക്ഷയ പ്രൊജക്ടിന്റെ നേതൃത്വത്തില്‍ ആധാര്‍ എന്റോള്‍മെന്റ്, ആധാര്‍ തെറ്റ്തിരുത്തല്‍, അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് എന്നീ സേവനങ്ങളാണ് ഇവിടെ നിന്നും സൗജന്യമായി ലഭിക്കുക. ഇതിന് പുറമെ ആധാറുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി പ്രത്യേക കൗണ്ടര്‍ സംവിധാനവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സംവിധാനം, ചികില്‍സാ സഹായം എന്നിവ ഓണ്‍ലൈനായി അയക്കുവാനുള്ള സൗകര്യവും ഐ.ടി സ്റ്റാളിലുണ്ട്. ജില്ലയിലെ അക്ഷയ സംരംഭകരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സി-ഡിറ്റില്‍ നിന്നുള്ള പ്രത്യേക സംഘവും പ്രവര്‍ത്തിക്കുന്നു. വ്യാജ ഓണ്‍ ലൈന്‍ കേന്ദ്രങ്ങളെക്കുറിച്ചുള്ള അവബോധം, ഡാറ്റാ സുരക്ഷയെ കറിച്ചുള്ള വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനും ഇവിടെ സംവിധാനമുണ്ട്.
സ്റ്റാര്‍ട്ട് അപ്പ് മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും സംശയനിവാരണത്തിനുമായി കേരളസ്റ്റാര്‍ട്ട് മിഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സേവനവും ഇവിടെ ലഭ്യമാണ്. വിവിധ ടെലികോം സേവനദാതാക്കളുടെ ആധാര്‍ അധിഷ്ഠിതസേവനങ്ങളാണ് ഐ.ടി പവലിയന്റെ മറ്റൊരു സവിശേഷത. കേരള ഐടി മിഷന്‍ രൂപകല്‍പ്പന ചെയ്ത എം കേരള മൊബൈല്‍ ആപ്ലിക്കേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും ഇവിടെ സംവിധാനമൊരുക്കിയിട്ടുണ്ട്.
കേരള ഐടിമിഷന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാറിന്റെ സൌജന്യ വൈഫൈ സൌകര്യം പൊന്‍കതിര്‍ എക്‌സിബിഷനില്‍ ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് ദിവസവും 300 എം.ബി ഡാറ്റ വരെ ഉപയോഗിക്കാവുന്ന തരത്തിലാണ് വൈഫൈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതു കൂടാതെ പൊതുജനങ്ങള്‍ക്കായി ഫോട്ടോ-സെല്‍ഫി പോയിന്റും സ്റ്റാളിലുണ്ട്. #InternetMyRight #KFi #GoK എന്ന ഹാഷ് ടാഗ് നല്‍കി നവമാധ്യമങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് ഇവ പങ്കുവയ്ക്കാം.
കേരള സംസ്ഥാന ഐടിമിഷന്‍ പ്രൊജക്ട് ജില്ലാ പ്രൊജക്ട് മാനേജര്‍ സി.എം. മിഥുന്‍ കൃഷ്ണയുടെ നേതൃത്വത്തില്‍ അക്ഷയ പ്രൊജക്ടിന്റെ സംസ്ഥാന, ജില്ലാ ഉദ്യോഗസ്ഥര്‍, ആധാര്‍ സൂപ്പര്‍വൈസര്‍മാര്‍ എന്നിവരാണ് സ്റ്റാളുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.