പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പുതുജീവന്‍ നല്കാന് സംസ്ഥാന സര്‍ക്കാരിന് സാധിച്ചെന്ന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആശ്രാമം മൈതാനത്തെ വേദിയില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ വിലയിരുത്തി. സ്കൂളുകളുടെ മുഖഛായ മാറ്റിയ കര്‍മ്മപദ്ധതി രാജ്യത്തിനുതന്നെ മാതൃകയാണെന്ന് പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണ് എന്നതിന് തെളിവാണ് പൊതുവിദ്യാലയങ്ങളുടെ പഠന നിലവാരത്തില്‍ സംഭവിച്ച മാറ്റമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജൂലിയറ്റ് നെല്‍സണ്‍ പറഞ്ഞു. സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനത്തിനുവേണ്ടി ആളുകള്‍ മത്സരിക്കുന്ന സാഹചര്യം വലിയ മാറ്റത്തിന്റെ തുടക്കമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
സാമൂഹിക, സാംസ്കാരിക, സാമ്പത്തിക അന്തരം ഒഴിവാക്കി എല്ലാ കുട്ടികളെയും മുഖ്യധാരയിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനംകൂടിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് വിഷയം അവതരിപ്പിച്ച് ഡോ. ടി.പി. കലാധരന്‍ പറഞ്ഞു. സ്കൂളുകള്‍ ഹൈടെക് ആക്കാന്‍ എല്ലാ ജില്ലകളിലും നടപ്പു സാമ്പത്തിക വര്‍ഷം കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ വകയിരുത്തി. ആദിവാസി കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനും എല്ലാ മേഖലകളിലും അവരുടെ സജീവ പങ്കാളിത്തം ഉറപ്പിക്കുവാനും ക്രിയാത്മക ഇടപെടലുകള്‍ നടത്തി. സര്‍ഗവാസന വളര്‍ത്താന്‍ മലയാളത്തിളക്കം പദ്ധതിയും ഇംഗ്ലീഷ് പ്രാവീണ്യം വര്‍ധിപ്പിക്കാന്‍ ഹലോ ഇംഗ്ലീഷ് പദ്ധതിയും നടപ്പാക്കിയത് പഠനനിലവാരം ഉയര്‍ത്തുകയും പരീക്ഷാ ഫലത്തില്‍ പ്രകടമായ മാറ്റം സൃഷ്ടിക്കുകയും ചെയ്തു-അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ശ്രീകല, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ബി. രാധാകൃഷ്ണന് ഉണ്ണിത്താന്, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ എച്ച്.ആര്. അനിത, എം.എല്‍ മിനികുമാര്‍, ജി. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.