ചരക്കു സേവന നികുതി സംബന്ധിച്ച സംശയ നിവാരണത്തിന് നവകേരളം-2018 പ്രദര്‍ശന മേളയില്‍ അവസരം. ഇന്ന് (മേയ് 23) രാവിലെ 10.30ന് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ വിദഗ്ധര്‍ ജി.എസ്.ടിയുടെ വിശദാംശങ്ങള്‍ അവതരിപ്പിക്കും.
ജി.എസ്.ടി ഇന്റലിജന്‍സ് ഓഫീസര്‍മാരായ ജോണ്സണ് പയസ്, എസ്.എസ്. സുജിത്ത്, ഇന്‍സ്പെക്ടര്‍മാരായ ഷിബു, കെ.സി പ്രദീപ് എന്നിവര്‍ സംസാരിക്കും. ഇതിനു പുറമെ സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ സ്റ്റാളിലും ജി.എസ്.ടിയുടെ വിശദാംശങ്ങള്‍ അറിയാന്‍ അവസരമുണ്ട്. ജി.എസ്.ടി രജിസ്ട്രേഷന് എടുക്കേണ്ടതിന്റെ ആവശ്യകത, രജിസ്ട്രേഷന് എടുക്കുന്നതുമൂലമുള്ള പ്രയോജനങ്ങള്‍ എന്നിവയ്ക്കും രജിസ്റ്റര്‍ ചെയ്തശേഷമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കുമായി നിരവധി പേര് ഇവിടെ എത്തുന്നുണ്ട്.
സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുള്ള പരാതിപ്പെട്ടിയില്‍ നികുതി വെട്ടിപ്പു നടത്തുന്ന വ്യാപാരികളെക്കുറിച്ചുള്ള പരാതികള്‍ നിക്ഷേപിക്കാം. വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് കിട്ടിയ ബില്ലുകള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനവും ഇവിടെയുണ്ട്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നവരും ഏറെയാണ്.