ശരിയായ ദിശയിലെ മാറ്റത്തിന്റെ ചിത്രമാണ് നവകേരളം-2018 പ്രദര്‍ശന മേളയിലെ സര്‍ക്കാര്‍ മിഷനുകളുടെ സ്റ്റാളുകളില്‍ തെളിയുന്നത്.
സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീ സൗഹൃദമാക്കുന്ന ആര്‍ദ്രം, എല്ലാവര്‍ക്കും വീടൊരുക്കുന്ന ലൈഫ്, വെള്ളവും വൃത്തിയും വിളവും വീണ്ടെടുക്കുന്ന ഹരിതകേരളം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകള്‍ക്ക് പ്രത്യേക പവലിയനുകള്‍ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. മിഷനുകള്‍ക്കു കീഴില്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെയും നിലവിലെ പദ്ധതികളുടെയും ഭാവി പരിപാടികളുടെയും വിശദാംശങ്ങള്‍ സന്ദര്‍ശകര്‍ക്ക് ലഭ്യമാണ്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയിരിക്കുന്ന ആര്‍ദ്രം സ്റ്റാളില്‍ ജീവിത ശൈലി രോഗങ്ങള്‍, ആരോഗ്യകരമയായ ഭക്ഷണ രീതികള്‍, രോഗപ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വിശദമാക്കുന്നു. നാട്ടില്‍ ഭീതി വിതച്ചിരിക്കുന്ന നിപ്പാ വൈറസ് ബാധയ്‌ക്കെതിരെയുള്ള ജാഗ്രതാ നിര്‍ദേശങ്ങളും വകുപ്പ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. രോഗവാഹിയായ കൊതുകിന്റെ ഭീമന്‍ രൂപം പ്രദര്‍ശന വേദിയുടെ കവാടത്തില്‍തന്നെ സന്ദര്‍ശകര്‍ക്ക് ജാഗ്രതാ നിര്‍ദേശമാകുന്നു.
ലൈഫ് മിഷനില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ ചിത്രങ്ങള്‍, പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭവന മാതൃകകളുടെ മിനിയേച്ചറുകള്‍ തുടങ്ങിയയും മിഷന്റെ സേവനത്തിന്റെ വിശദാംശങ്ങളുമുണ്ട്. ശരിയായ മാലിന്യ സംസ്‌കരണ രീതികളെക്കുറിച്ചുള്ള അവബോധമാണ് ഹരിതകേരളം മിഷന്‍ അവതരിപ്പിക്കുന്നത്.
മാലിന്യത്തില്‍ നിന്നും ബയോഗ്യാസും വളവും നിര്‍മിക്കുന്നതിനുള്ള വഴികളും ഇവിടെ വിശദമാക്കുന്നു. പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്ക് വര്‍ധിക്കുംവിധത്തില്‍ സമീപകാലത്ത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ച മാറ്റങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്റ്റാളില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.