നവകേരളം 2018നോടനുബന്ധിച്ചുള്ള സാംസ്‌കാരികോത്സവത്തില്‍ സംഗീത വിരുന്നുമായി മലയാളത്തിന്റെ പ്രിയ ഗായിക ലതികയും. നാളെ(മേയ് 24) രാത്രി ഏഴിന് ആശ്രാമം മൈതാനത്തെ വേദിയിലാണ് ലതികയും സംഘവും മലയാളികള്‍ മനസില്‍ താലോലിക്കുന്ന മധുര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത നിശയൊരുക്കുന്നത്.
എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ലതികയെ ഏറെ പ്രശസ്തയാക്കിയത് കാതോടു കാതോരം എന്ന പാട്ടാണ്. ഇത് ഉള്‍പ്പെടെയുള്ള പാട്ടുകളാകും നാളെ കൊല്ലത്ത് ഇവര്‍ ആലപിക്കുക. പുഷ്പതല്‍പ്പത്തില്‍ നീ വീണുറങ്ങി(അഭിനന്ദനം), പൂവേണം പൂപ്പട വേണം, കണ്‍മണിയേ നീയുറങ്ങ്(ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം), പുലരേ പൂന്തോണി(അമരം), താരും തളിരും മിഴിപൂട്ടി(ചിലമ്പ്), നീയെന്‍ സര്‍ഗ സൗന്ദര്യമേ, ദേവദൂതര്‍ പാടി(കാതോടു കാതോരം) തുടങ്ങിയ പാട്ടുകള്‍ ഗായികയുടെ ശബ്ദത്തില്‍തന്നെ ആസ്വദിക്കാനുള്ള അവസരമാണ് കൊല്ലം നിവാസികള്‍ക്ക് ലഭിക്കുന്നത്. ഇതിനു പുറമെ എസ്. ജാനകിയും പി. സുശീലയും പാടിയ ഹിറ്റു ഗാനങ്ങളുമുണ്ടാകും.
നീണ്ട പതിനാറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഗപ്പി എന്ന ചിത്രത്തിലെ അതിരലിയും കരകവിയും എന്ന ഗാനമാലപിച്ചുകൊണ്ടാണ് ലതിക മലയാള സിനിമയിലേക്ക് തിരിച്ചുവന്നത്.
പാലക്കാട് ചെമ്പൈ സംഗീത കോളേജിലും  തിരുവനന്തപുരം സ്വാതിതിരുന്നാള്‍ സംഗീത കോളേജിലും അധ്യാപകിയായിരുന്ന ലതിക കഴിഞ്ഞ വര്‍ഷമാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്.