തൃശ്ശൂർ: കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആൻ്റ് റീഹാബിലിറ്റേഷന്‍ സെന്ററിൽ ഓട്ടിസം ബോധവല്‍ക്കരണ മാസാചരണത്തിന്‍റെ ഭാഗമായി സ്പെക്ട്രം 2021 ന് തുടക്കമായി. ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലാര്‍ പ്രൊഫ ഡോ മോഹനന്‍ കുന്നുമ്മല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഓട്ടിസം എന്ന അവസ്ഥ വിഭിന്നങ്ങളായ ശാരീരിക മാനസിക ശേഷികളുടെ സ്പെക്ട്രമായാണ് ശാസ്ത്രം ഇന്നു കാണുന്നതെന്ന് പ്രൊഫ ഡോ മോഹനൻ കുന്നുമ്മൽ പറഞ്ഞു. ഓട്ടിസം കുട്ടികളിൽ കൂടുകയല്ല മറിച്ച് വിഭിന്നങ്ങളായ അവസ്ഥ കണ്ടെത്തുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിപ്മർ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ ബി മുഹമ്മദ് അഷീൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

അമല മെഡിക്കൽ കോളേജ് പീഡിയാട്രിക് പ്രൊഫ പാർവതി മോഹനൻ, നിപ്മർ ജോയ്ൻ്റ് ഡയറക്ടർ സി ചന്ദ്രബാബു, ഡോ മായ ബോസ് വിനോദ്, ഡോ വിജയലക്ഷ്മി അമ്മ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് ഒക്യുപേഷണൽ തെറാപ്പി കോഴ്സ് വിദ്യാർത്ഥികളുടെ ഓട്ടിസം ബോധവത്കരണ നാടകവും സ്പെഷൽ എജ്യൂക്കേഷൻ (ഡി എഡ്) വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും നടന്നു.