ഇടുക്കി: തൊടുപുഴ നഗരസഭാപരിധിയിലെ താമസക്കാരായ സര്‍ക്കാര്‍ ജീവനക്കാരുടെയും, അധ്യാപകരുടേയും, സേവനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചിട്ടുളളതിനാല്‍ വാര്‍ഡ് കൗസിലര്‍മാരുടെ അധ്യക്ഷതയില്‍ രൂപീകരിച്ചിട്ടുളള വാര്‍ഡ്തല മോണിറ്ററിംഗ് സമിതികളുടേയും, റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റേയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കുമെന്ന് ചെയര്മാന് സനീഷ് ജോര്‍ജ്ജ് അറിയിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി യാത്രകള്‍ക്ക് നിയന്ത്രണമേര്പ്പെടുത്തിയിട്ടുളളതിനാല് ജോലിക്ക് ഹാജരാകാന്‍ സാധിക്കാത്ത ജീവനക്കാരേയും അധ്യാപകരേയും കോവിഡ് അനുബന്ധ സേവനങ്ങള്‍ക്കായി തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വിന്യസിക്കാന്‍ നിര്ദ്ദേശ്ശിച്ചുകൊണ്ടുളള സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഇടുക്കി, എറണാകുളം ജില്ലാ കളക്ടര്‍മാരുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുന്നൂറ്റിഅന്പതില്പരം ജീവനക്കാര്‍ തൊടുപുഴ നഗരസഭയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ സേവനം വാര്‍ഡുകളില്‍ വിന്യസിക്കുന്നതോടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ക്വാറന്റൈന് ഉറപ്പുവരുത്തി മരുന്ന്, മറ്റ് അവശ്യവസ്തുക്കളുടെ വിതരണം, കോവിഡ് സംബന്ധിച്ച വിവരശേഖരണം തുടങ്ങിയവ ഊര്‍ജ്ജിതമാക്കാന്‍ സാധിക്കും. കൂടാതെ നഗരസഭ ഓഫീസില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക്, കണ്‍ട്രോള്‍റൂം, ജനകീയ ഹോട്ടല്‍, ജില്ലാ ആശുപത്രി, സി.എസ്.എല്‍.ടി.സികള്‍, ഡൊമിസിലറി കെയര്‍ സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും, ആരോഗ്യ വകുപ്പുമായി ചേര്‍ന്നുളള വാക്സിനേഷന്, വാക്സിന് രജിസ്ട്രേഷന്, കോവിഡ് ടെസ്റ്റിംഗ് എന്നീ സേവനങ്ങള്‍ക്കും ജീവനക്കാരെ നിയോഗിക്കാന്‍ സാധിക്കും. അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെടാത്ത വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരില്‍ തൊടുപുഴ നഗരസഭ പരിധിയില്‍ സ്ഥിരതാമസമാക്കിയവരാണ് നഗരസഭ സെക്രട്ടറി മുമ്പാകെ നേരിട്ട് ഹാജരായി ചുമതല ഏറ്റെടുത്തിട്ടുളളത് എന്നും ചെയര്മാന് അറിയിച്ചു.
