മഴക്കാലവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മന്ത്രി പി.രാജീവ്. വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ നീങ്ങും. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മഴക്കാല മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള അവലോകന യോഗത്തിൽ ജില്ലയിലെ എം.പി, എംഎൽഎമാർ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
റെയിൽവേ കൾവെർട്ടുകളും ദേശീയ പാതയ്ക്കരികിലെ കാനകളും വൃത്തിയാക്കുക, കൊച്ചി മെട്രോ ഫുട്പാത്ത് നിർമ്മിച്ച സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുക എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് റെയിൽവേ, എൻഎച്ച്എഐ, കൊച്ചി മെട്രോ അധികൃതരുടെ പ്രത്യേക യോഗം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും. ദുരന്തനിവാരണ വിഭാഗവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ വെള്ളപ്പൊക്ക സാധ്യതാ മേഖലകൾ സന്ദർശിച്ച് മുൻകരുതലുകൾ സ്വീകരിക്കാൻ മന്ത്രി നിർദേശിച്ചു. ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. ജലജന്യരോഗങ്ങൾ തടയുന്നതിനുള്ള ഡ്രൈഡേ ആചരണം ജനകീയ പരിപാടിയാക്കി മാറ്റണം. ജില്ലയിലെ ഷട്ടറുകൾ പ്രവർത്തനസജ്ജമാക്കി നിർത്താൻ ഇറിഗേഷൻ വകുപ്പിന് മന്ത്രി നിർദേശം നൽകി.
ഓരോ നിയോജക മണ്ഡലത്തിലും നിയോഗിച്ചിട്ടുള്ള നോഡൽ ഓഫീസർമാർ അതാത് മണ്ഡലങ്ങളിലെ മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.
വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജനപ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു. 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ വിതരണം ചെയ്യുന്നത് കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് മന്ത്രി മറുപടി നൽകി. 18 മുതൽ 44 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ സംസ്ഥാന സർക്കാരാണ് നൽകുന്നത്. ഇത് കുറ്റമറ്റ രീതിയിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ജില്ലയിൽ 10 ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകി കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കണക്കാണിതെന്നും മന്ത്രി പറഞ്ഞു.
എല്ലാ എം എൽ എ മാർക്കുമായി നോഡൽ ഓഫീസർമാരെ നിയോഗിച്ചതായി ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർമാരെയാണ് നിയമിച്ചിരിക്കുന്നത്. മഴക്കാലവുമായി ബന്ധപ്പെട്ട് ഓരോ മണ്ഡലത്തിലെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതലയാണ് ഇവർക്ക് നൽകിയിരിക്കുന്നത്. ജനപ്രതിനിധികൾക്ക് എല്ലാ സഹായവും ഇവർ നൽകും.
ഓരോ താലൂക്കിലും ഒരു ഡെപ്യൂട്ടി കളക്ടർക്കും ചുമതല നൽകിയിട്ടുണ്ട്. തഹസിൽദാർമാർക്കാണ് ഇൻസിഡെൻ്റ് കമാൻഡറുടെ ചുമതല. തദ്ദേശ സ്ഥാപനങ്ങൾ, ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, പൊതുമരാമത്ത് തുടങ്ങിയ വിവിധ വകുപ്പ് ജീവനക്കാർ ഉൾപ്പെടുന്ന ഇൻസിഡെൻ്റ് റെസ്പോൻസ് സംവിധാനവും പ്രവർത്തിക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ ക്രമീകരിച്ച സ്ഥലങ്ങളിൽ ഇത്തവണയും ക്യാംപുകൾ നടത്താൻ അനുയോജ്യമാണോ എന്ന് പരിശോധിച്ചിട്ടുണ്ട്. പ്രളയ സാധ്യതാ മേഖലകളിൽ ബോട്ടുകൾ സജ്ജമാക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരെ ഏകോപിപ്പിക്കുന്നതിന് ഇൻ്റർ ഏജൻസി ഗ്രൂപ്പിനെ താലുക്ക് തലത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
ചെല്ലാനത്ത് തിങ്കളാഴ്ച മുതൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പ് ആരംഭിക്കുമെന്നും കളക്ടർ അറിയിച്ചു. കുട്ടമ്പുഴ, വേങ്ങൂർ പഞ്ചായത്തുകളിലെ 85% ആദിവാസി വിഭാഗങ്ങൾക്കും വാക്സിൻ നൽകി. കിടപ്പ് രോഗികൾക്ക് വാക്സിൻ വീട്ടിലെത്തിച്ച് നൽകുന്നതിനുള്ള നടപടികളും തിങ്കളാഴ്ച ആരംഭിക്കുമെന്ന് കളക്ടർ അറിയിച്ചു.
ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ അൻവർ സാദത്ത്, കെ.ബാബു, പി.ടി. തോമസ്, റോജി എം. ജോൺ, ടി.ജെ. വിനോദ് , എൽദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ്, ആൻ്റണി ജോൺ, മാത്യു കുഴൽനാടൻ, കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.