തൃശ്ശൂർ: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗങ്ങളിലേക്കും ഒരുപോലെ എത്തുന്നുവെന്ന് മന്ത്രി കെ. രാജന്‍. കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിലാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡിനെതിരെ പോരാടാന്‍ ജില്ലാ പഞ്ചായത്ത് നല്‍കുന്ന പ്രതിരോധ മരുന്നുകളുടെ വിതരണം മന്ത്രി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു.
1.66 കോടിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇതുവരെ നടന്നത്. കുടുംബാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലേക്ക് പള്‍സ് ഓക്‌സി മീറ്റര്‍, ശ്വസനോപകരണങ്ങള്‍, കോവിഡ് പ്രതിരോധ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഒരു കോടി രൂപയും സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആമ്പുലന്‍സ് സൗകര്യം ഒരുക്കുന്നതിന് 16 ലക്ഷം രൂപയും അലോപ്പതി, ആയുര്‍വേദം, ഹോമിയോ ആശുപത്രികളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുക, പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുക തുടങ്ങിയവയ്ക്ക് 50 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഇതുവരെ ചെലവഴിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.വി വല്ലഭന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജയ, ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, സെക്രട്ടറി കെ.ജി തിലകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.