തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയ്ക്കിടയിലും ജില്ലയിലെ അതിഥിതൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി ജില്ലാ ഭരണകൂടം. അതിഥി തൊഴിലാളികളുടെ ഭക്ഷണവും താമസവും ഉറപ്പ് വരുത്താന്‍ നിരവധി പദ്ധതികളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നത്.
നിലവിലെ കണക്കനുസരിച്ച് ജില്ലയില്‍11,950 അതിഥി തൊഴിലാളികളാണുള്ളത്. ഇവരില്‍ ഭക്ഷ്യ കിറ്റിന് അര്‍ഹരായ 9,136 പേര്‍ക്ക്ഇതിനോടകം അവ എത്തിച്ചു. ഭക്ഷ്യ കിറ്റിനു പുറമെ പാല്‍, മുട്ട എന്നിവയും അതിഥി തൊഴിലാളികള്‍ക്ക് എത്തിച്ചുനല്‍കി. അതത് താലൂക്കിലെ തഹസില്‍ദാര്‍ മുഖേനയാണ് ഇവ വിതരണം ചെയ്യുന്നത്.
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധനയും കോവിഡ് പരിശോധനയും നടത്തിവരുന്നുണ്ട്. ഇതിനു പുറമെ മാനസിക പിരുമുറുക്കം ഒഴിവാക്കാനായി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെനേതൃത്വത്തില്‍ബോധവല്‍ക്കരണവും നല്‍കുന്നു.
കോവിഡ് രോഗികളായ അതിഥി തൊഴിലാളികളെ പാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ ആറ് ഡി.സി.സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കഴക്കൂട്ടം എച്.എസ്.എസില്‍ ആരംഭിച്ച ഡി.സി.സിയില്‍ രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.
നെടുമങ്ങാട് സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ നേതൃത്വത്തില്‍ ജില്ലാ ലേബര്‍ ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചുവരുന്നു. 0471-2783944,9447440956 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പരുകളില്‍ 24 മണിക്കൂര്‍ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
അതിഥി തൊഴിലാളികളും അവരുടെ കുടുംബങ്ങളും താമസിക്കുന്ന കേന്ദ്രങ്ങളില്‍ വാട്ടര്‍ പ്യൂരിഫയര്‍, കോവിഡ് പ്രതിരോധ സാമഗ്രികള്‍, സാനിറ്ററി പാട്, ഡസ്റ്റ് ബിന്‍ എന്നിവ ജില്ലാ ഭരണകൂടം ഉറപ്പാക്കും. അതിഥി തൊഴിലാളി കുടുംബങ്ങളിലെ 180 വിദ്യാര്‍ത്ഥികള്‍ക്കായി പഠന സാമഗ്രികളും വിതരണം ചെയ്യും. ഭാവിയില്‍ അടിയന്തര ഘട്ടങ്ങളില്‍ അതിഥി തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കാന്‍ മള്‍ട്ടി പര്‍പ്പസ് കെട്ടിടം നിര്‍മിക്കാനും ജില്ലാ ഭരണകൂടത്തിന് പദ്ധതിയുണ്ട്.