തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്  രോഗമുള്ളവര്‍, രോഗം ഭേദമായവര്‍ എന്നിവരില്‍ ചിലര്‍ക്ക്  മ്യൂക്കോമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്)കണ്ടെത്തിയ സാഹചര്യത്തില്‍ രോഗബാധയെ  പ്രതിരോധിക്കാന്‍ സുസജ്ജമായി  ജില്ലാ ഭരണകൂടം.

കോവിഡ്, കോവിഡാനന്തര രോഗികളിലെ ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിക്കുന്നതിന്  തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ നോഡല്‍ സെന്ററായി പ്രവര്‍ത്തിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു.ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ മ്യൂക്കോമൈക്കോസിസ് ബാധിച്ചവര്‍ക്കായി 10 കിടക്കകളും കോവിഡ് രോഗം ഭേദമായവരില്‍ മ്യൂക്കോമൈക്കോസിസ് ബാധിച്ചവര്‍ക്കായി 30 കിടക്കകളും മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കും.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫിസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഒരു നോഡല്‍ ഓഫിസറെ നിയമിക്കും. മെഡിക്കല്‍ കോളേജിലെ വിവിധ ആരോഗ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു വിദഗ്ദ്ധ സമിതിയെ രൂപീകരിച്ച് രോഗപ്രതിരോധത്തിനുവേണ്ട മരുന്നുകള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.