വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമുള്ള വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനോ ജോലിക്കോ പോകുന്ന 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജില്ലയില്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക്  അറിയിച്ചു.

ഇവര്‍ www.cowin.gov.inല്‍ വ്യക്തിഗത വിവരങ്ങള്‍ സഹിതം രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാന സര്‍ക്കാരിന്റെ ഇ ഹെല്‍ത്ത് പോര്‍ട്ടലില്‍ (http://covid19.kerala.gov.in/vaccine/) പാസ്സ്പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍ ഒറ്റ കോപ്പിയായി എടുത്തതിന്റെ ഫയലും വിസ സംബന്ധമായ ഫയലും സഹിതം രജിസ്റ്റര്‍ ചെയ്യണം. ഈ അപേക്ഷയും കൂടെ നല്‍കിയ രേഖകളും ജില്ലാതലത്തില്‍ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് വാക്‌സിന്‍ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രം, തീയ്യതി, സമയം എന്നിവ എസ്എംഎസ് വഴി അറിയിക്കും.

ഗുണഭോക്താക്കള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ ഈ എസ്എംഎസും തിരിച്ചറിയല്‍ രേഖയായി പാസ്സ്പോര്‍ട്ടും കയ്യില്‍ കരുതണം.
കോവിഷീല്‍ഡ് വാക്‌സിന്‍ ഇതിനകം എടുത്ത ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നാലു മുതല്‍ ആറ് ആഴ്ചക്കുള്ളില്‍ രണ്ടാം ഡോസ് എടുക്കാനും ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഇത്തരക്കാര്‍ ആദ്യ ഡോസ് എടുത്തപ്പോള്‍ ലഭിച്ച റഫറന്‍സ് നമ്പര്‍, പാസ്സ്പോര്‍ട്ടിന്റെയും വിസയുടെയും രേഖകള്‍ എന്നിവ സഹിതം ഇ ഹെല്‍ത്ത് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
രജിസ്റ്റര്‍ ചെയ്യേണ്ട വിധം:
www.cowin.gov.inല്‍ വ്യക്തിഗത വിവരം രജിസ്റ്റര്‍ ചെയ്യുക. ശേഷം ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ ലിങ്കില്‍ (http://covid19.kerala.gov.in/vaccine/) രജിസ്റ്റര്‍ ചെയ്യണം.
ലിങ്ക് തുറക്കുമ്പോള്‍ കാണുന്ന Individual Request എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന DISCLAIMER എന്ന സന്ദേശം ക്ലോസ് ചെയ്യുക. നാട്ടിലെ മൊബൈല്‍ നമ്പര്‍ നല്‍കിയ ശേഷം അതിലേക്ക് വരുന്ന OTP നല്‍കി നമ്പര്‍ വെരിഫൈ ചെയ്യുക.
ശേഷം ലഭിക്കുന്ന രജിസ്ട്രേഷന്‍ ഫോമില്‍ ജില്ല, പേര്, ലിംഗം, ജനനവര്‍ഷം എന്നിവ നല്‍കുക. യോഗ്യത വിഭാഗം എന്നിടത്ത് Going  Abroad എന്ന് നല്‍കുക. അടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പേര് നല്‍കുക.
Supporting Documents എന്നതിന് താഴെ ആദ്യം പാസ്സ്പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍ ഒറ്റ കോപ്പിയായി എടുത്തതിന്റെ ഫയലും രണ്ടാമതായി വിസ സംബന്ധമായ ഫയലും അപ് ലോഡ് ചെയ്യുക (PDF / JPG ഫോര്‍മാറ്റില്‍ 500 KBയില്‍ താഴെ ആയിരിക്കണം ഓരോ ഫയലും). ശേഷം www.cowin.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച 14 അക്ക റഫറന്‍സ് നമ്പര്‍ നല്‍കി സബ്മിറ്റ് ചെയ്യുക.