പാലക്കാട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില് ഡെങ്കിപ്പനി കേസുകള് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില് രോഗപ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമാക്കിയതായി ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) അറിയിച്ചു.
ഈഡിസ് വിഭാഗത്തില്പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഒരിക്കല് ഡെങ്കി പനി വന്നവര്ക്ക് വീണ്ടും രോഗം വന്നാല് മാരകമായേക്കാം. വീടിന്റെയും സ്ഥാപനത്തിന്റെയും പരിസരത്ത് കൊതുക് വളരുന്ന സാഹചര്യങ്ങള് ഒഴിവാക്കിയും പ്രതിരോധ പ്രവര്ത്തനങ്ങള് നടത്തിയും ഡെങ്കിപ്പനി വരാതിരിക്കാന് പൊതുജനങ്ങള് ശ്രദ്ധിക്കണമെന്നും ആരോഗ്യം വിഭാഗം അറിയിച്ചു.
രോഗലക്ഷണങ്ങള്
തീവ്രമായ പനി
കടുത്ത തലവേദന
കണ്ണുകള്ക്ക് പിന്നില് വേദന
പേശികളിലും സന്ധികളിലും വേദന
നെഞ്ചിലും മുഖത്തും അഞ്ചാംപനി പോലെ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകള്
ഓക്കാനവും ഛര്ദ്ദിയും.
തീവ്രമായ രോഗലക്ഷണങ്ങള്
വിട്ടുമാറാത്ത അസഹനീയമായ വയറുവേദന
മൂക്കില് നിന്നും വായില് നിന്നും മോണയില് നിന്നും രക്തസ്രാവംരക്തത്തോട് കൂടിയതോ ഇല്ലാതെയോ ഇടവിട്ടുള്ള ഛര്ദ്ദി
കറുത്ത നിറത്തില് മലം പോവുക
അമിതമായ ദാഹം ( വായില് വരള്ച്ച)
നാഡിമിടിപ്പ് കുറയല്
ശ്വാസോച്ഛാസത്തിന് വൈഷമ്യം
ചര്മം വിളറിയും ഈര്പ്പമേറിയതും ഒട്ടിപ്പിടിക്കുന്നതുമാകുക
അസ്വസ്ഥത, ബോധക്ഷയം.
പ്രതിരോധ പ്രവര്ത്തനങ്ങള്
വീടിനുചുറ്റും പൊട്ടിയ പ്ലാസ്റ്റിക് പാത്രങ്ങള്, ചിരട്ട മറ്റ് ഉപയോഗശൂന്യമായ വസ്തുക്കള് എന്നിവ വലിച്ചെറിയരുത്.ടെറസ്സിലും സണ്ഷെയ്ഡിലും വെള്ളം കെട്ടി നില്ക്കാന് അനുവദിക്കരുത്.
ഫ്‌ളവര് വെയ്‌സ്, റഫ്രിജറേറ്ററിനു പുറകിലുള്ള ട്രേ, എന്നിവയിലെ വെള്ളം ആഴ്ചയിലൊരിക്കല് പൂര്ണമായും നീക്കം ചെയ്യണം.
വാട്ടര് ടാങ്കുകള് അടച്ചു സൂക്ഷിക്കുകയോ കൊതുകുവല കൊണ്ട് മൂടുകയോ ചെയ്യുക
ഉപയോഗിക്കാത്ത ഉരല്, ആട്ടുകല്ല് എന്നിവ കമിഴ്ത്തിയിടുക
ഉപയോഗിക്കാത്ത ടയറുകളില് വെള്ളം കെട്ടിനില്ക്കാത്ത തരത്തില് മണ്ണ് നിറക്കുകയോ, സുഷിരങ്ങള് ഉണ്ടാക്കുകയോ ചെയ്യുക
പാചകത്തിനും മറ്റുമായി വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങള്, കൊതുക് കടക്കാത്ത രീതിയില് നന്നായി അടച്ചുവയ്ക്കണം.
റബര് തോട്ടങ്ങളിലെ ചിരട്ടകള്, കമുകിന് തോട്ടങ്ങളിലെ പാളകള് എന്നിവയില് വെള്ളം കെട്ടിനിന്ന് കൊതുകുകള് വളരാനുള്ള സാഹചര്യം ഉണ്ടാകരുത്. തോട്ടങ്ങളില് കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കാത്തവര്ക്കെതിരെ പൊതുജനാരോഗ്യ നിയമം അനുസരിച്ച് നടപടി സ്വീകരിക്കും.
ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കുക.
പല രോഗങ്ങളുടെയും ലക്ഷണമായതിനാല് പനി വന്നാല് സ്വയം ചികിത്സ ഒഴിവാക്കണം. അടുത്തുള്ള ചില ആശുപത്രിയില് ചികിത്സ തേടുക.