കൊച്ചി: വൃക്ഷത്തൈകള്‍ നട്ടും വിതരണം ചെയ്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ലോക പരിസ്ഥിതി ദിനം ആചരിച്ചു. നെടുമ്പാശേരി പഞ്ചായത്തില്‍ വിവിധ പരിപാടികളോടെയാണ് പരിസ്ഥിതി ദിനാചരണം നടത്തിയത്. പരിസ്ഥിതി ദിനത്തിലെ വിതരണത്തിനായി പതിനായിരത്തിലധികം വൃക്ഷത്തൈകളാണ് കൃഷിഭവനുമായി ചേര്‍ന്ന് പഞ്ചായത്ത് ഉത്പാദിപ്പിച്ചത്. ഇവ പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളില്‍ വിതരണം ചെയ്തു.
കരിയാട് ബഡ്‌സ് സ്‌കൂളില്‍ നടന്ന പരിസ്ഥിതി ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ ആര്യവേപ്പിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. അതോടൊപ്പം പഞ്ചായത്തിന്റെ വാര്‍ഡുതല ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. തൊഴിലുറപ്പു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബഡ്‌സ് സ്‌കൂള്‍ ശുചീകരിച്ചു. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡുകളിലെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
നെടുമ്പാശ്ശേരി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നടാനായി തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വൃക്ഷത്തൈകള്‍ ഉല്‍പാദിപ്പിച്ചത് . ഫലവൃക്ഷതൈകള്‍ അടക്കം 21 ഇനം തൈകളാണ് ഉണ്ടായിരുന്നത്. 186 തൊഴില്‍ദിനങ്ങള്‍ ഇതിലൂടെ ചെലവഴിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. സോമശേഖരന്‍, സെക്രട്ടറി കെ. ടി. സന്തോഷ്, കൃഷി ഓഫീസര്‍ സിമി മറ്റു പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പാറക്കടവ് ബ്ലോക്കില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അംഗന്‍വാടി പ്രതിനിധികള്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്‌റ്യന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി.രമണി ഹരിത പെരുമാറ്റച്ചട്ട പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് വൃക്ഷത്തൈ നട്ടു.വൈസ് പ്രസിഡന്റ് ഇ ചന്ദ്രശേഖര വാര്യര്‍, ഐ.സി ഡി.എസ്. സി.ഡി.പി.ഒ ഗായത്രി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇബ്രാഹിംകുട്ടി, സംഗീത സുരേന്ദ്രന്‍, രാജേഷ് മീത്തി മൂല, രാജപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
പൊയക്കാട്ടുശ്ശേരി ഗവ.എല്‍.പി സ്‌കൂളില്‍ പി.ടി.എ പ്രസിഡന്റും പഞ്ചായത്തംഗവുമായ എന്‍.വി.ബാബു പരിസ്ഥിതി ദിനാചരണം ഉദ്‌ലാടനം ചെയ്തു.

ക്യാപ്ഷന്‍ (1): പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാറക്കടവ് ബ്ലോക്കില്‍ സെക്രട്ടറി കെ.സി.രമണി ഐ സി ഡി എസ് അംഗങ്ങള്‍ക്കും ബ്ലോക്ക് ജീവനക്കാര്‍ക്കും ഹരിത പെരുമാറ്റച്ചട്ട പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

ക്യാപ്ഷന്‍ (2): പാറക്കടവ് ബ്ലോക്കില്‍ നടന്ന പരിസ്ഥിതി ദിനാചരണ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍ ഐസിഡിഎസ് അംഗങ്ങള്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്യുന്നു