കൊച്ചി: പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുവാനും പ്രകൃതിയെ സംരക്ഷിക്കുവാനും ഉതകുന്ന ഹരിത ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ വിവിധയിനം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പൊതുമരാമത്ത് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് വകുപ്പ് ജീവനക്കാര്‍.
പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഓഫീസിന് പിന്‍വശത്ത് കാടുകയറി കിടന്ന 30 സെന്റ് ഓളം സ്ഥലം വൃത്തിയാക്കിയാണ് വൃക്ഷത്തൈ, പച്ചക്കറി എന്നിവ നട്ടു പിടിപ്പിച്ചത്. ശുചിത്വമിഷന്റെ പിന്തുണയോടെയാണ് കാടു കയറി കിടന്ന സ്ഥലം ജീവനക്കാര്‍ ചേര്‍ന്ന് കൃഷിയോഗ്യമാക്കി തീര്‍ത്തത്. ഓഫീസുകളില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ ചേര്‍ന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ലക്ഷ്മീദേവി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
ഓണത്തിന് ഓഫീസ് തോട്ടത്തില്‍ ഉണ്ടാക്കിയ പച്ചക്കറികള്‍ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പയര്‍, ചേമ്പ്, വാഴ, കപ്പ, ചീര, പാവക്ക, കുമ്പളങ്ങ എന്നിങ്ങനെ വിവിധ ഇനം പച്ചക്കറികളാണ് ഓഫീസിനോട് ചേര്‍ന്ന് സ്ഥലത്ത് നട്ടുപിടിപ്പിക്കുന്നത്. നെല്ലിക്ക, റമ്പൂട്ടാന്‍, പേരയ്ക്ക, മാതളം, ആര്യവേപ്പ്, കറുവപ്പട്ട, പ്ലാവ് എന്നിങ്ങനെ വിവിധയിനം വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. പച്ചക്കറികള്‍ നടുന്നതിന് ആവശ്യമായ മണ്ണിന് തടം എടുത്തതും വൃക്ഷത്തൈകള്‍ ആവശ്യമായി കുഴികളെടുത്തതും ജീവനക്കാര്‍ തന്നെയാണ്. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഓഫീസ് പരിസരം ശുദ്ധീകരിക്കുകയും അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്കുകളും മറ്റുള്ള വസ്തുക്കളും നീക്കം ചെയ്യുകയും ചെയ്തു.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോജോ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ലക്ഷ്മീദേവി, കോഡിനേറ്റര്‍ സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് ഓഫീസിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുള്ള ജീവനക്കാര്‍ വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചത്.