കൊച്ചി: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങള്‍ ഏറ്റെടുത്തു നടത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍. ഐക്യരാഷ്ട്രസഭാ വോളണ്ടിയര്‍ വിഭാഗത്തിന്റെ സഹകരണത്തോടെ ജില്ലാ ശുചിത്വ മിഷനും ഹരിതകേരളം വിഷനും നെഹ്‌റുയുവ കേന്ദ്രയും യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പരിപാടിയോട് അനുബന്ധിച്ച് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച കരകൗശല വസ്തുക്കളും പ്രദര്‍ശിപ്പിച്ചു. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ എപ്രകാരം ഉപയോഗപ്രദമായ രീതിയില്‍ ഉപയോഗിക്കാമെന്നാണ് പ്രദര്‍ശനത്തിലൂടെ അവതരിപ്പിച്ചത്. പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടും വലിച്ചെറിയുന്ന റീ ഫില്ലറുകള്‍ കൊണ്ടും ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ കൊണ്ടുള്ള കരകൗശല വസ്തുക്കള്‍ ആണ് പ്രദര്‍ശിപ്പിച്ചത്.

നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ ടോണി തോമസ്, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സബിത സി റ്റി, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ സി. കെ. മോഹനന്‍, പ്ലാസ്റ്റിക് റീസൈക്ലിംഗ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് ജമാല്‍, നെഹ്‌റുയുവകേന്ദ്ര ഓഫീസര്‍ മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്യാപ്ഷന്‍: ജില്ലാ ശുചിത്വ മിഷനും ഹരിതകേരളം വിഷനും നെഹ്‌റുയുവ കേന്ദ്രയും യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിന സംവാദം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം ചെയ്യുന്നു.