മലപ്പുറം: കൊണ്ടോട്ടി താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് അടിയന്തര യോഗം വിളിക്കുമെന്നും നടപടികള്‍ വേഗത്തിലാക്കുമെന്നും റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍ നിയമസഭ സമ്മേളനത്തില്‍ പറഞ്ഞു. കൊണ്ടോട്ടി താലൂക്കിന് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍ റീ സര്‍വെ 376/1ല്‍പ്പെട്ട 50 സെന്റ് സ്ഥലം നെല്‍വയലായതിനാല്‍ മറ്റൊരു കരഭൂമി കണ്ടെത്തുന്നതിന് ജില്ലാകലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

ഇതടിസ്ഥാനത്തില്‍ രണ്ട് സ്ഥലം കണ്ടെത്തിയിരുന്നു. കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന ഭൂമിയും കൊണ്ടോട്ടി വില്ലേജിലെ കൊളത്തൂരിലെ ട്രിഗര്‍ ലോജിസ്റ്റിക്ക് എന്ന സ്ഥാപനത്തിന്റെ കൈവശമുള്ള ഭൂമിയുമാണ് കണ്ടെത്തിയത്. കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന ഭൂമിയില്‍ സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതിന് 0.98303 ഹെക്ടര്‍ ഭൂമി കൂടി ഏറ്റെടുക്കേണ്ടിവരും.

ഇവിടെ രണ്ട് നില ബില്‍ഡിങ് മാത്രം പണിയാന്‍ കഴിയൂ എന്നതിനാല്‍ ഇത് ഒഴിവാക്കിയിട്ടുണ്ട്. കൊളത്തൂരിലെ ട്രിഗര്‍ ലോജിസ്റ്റിക് എന്ന സ്ഥാപനത്തിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാന്‍ വേണ്ടി ഫെയര്‍ വാല്യൂ നോക്കി ഒരു സെന്റിന് എത്ര രൂപ വേണ്ടിവരുമെന്ന് കണ്ടെത്തുന്നതിന് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സ്ഥാപന ഉടമകള്‍ ഭൂമിയുടെ രേഖകള്‍ ഹാജരാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാലും തെരഞ്ഞെടുപ്പും കോവിഡിന്റെയും സാഹചര്യത്തിലുമാണ് സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ കഴിയാതിരുന്നത്.