വയോജനങ്ങൾക്കെതിരെ അതിക്രമങ്ങളില്ലാത്ത ലോകം സൃഷ്ടിക്കേണ്ടത് സർക്കാർ സംവിധാനത്തോടൊപ്പം പൊതുസമൂഹത്തിൻ്റെ കൂടി ഉത്തരവാദിത്തമാണെന്ന് ജില്ലാ കലക്ടർ സാംബശിവറാവു . വയോജനങ്ങൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരായ ബോധവൽക്കരണ ദിനത്തിൽ
‘വയോജന സംരക്ഷണം ഔദാര്യമല്ല അവകാശമാണ് ‘ എന്ന വിഷയത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസ് സംഘടിപ്പിച്ച ജില്ലാതല വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിക്രമങ്ങൾക്കിരകളാകുന്ന മുതിർന്ന പൗരൻമാർക്ക് യഥാസമയം നീതിയും കുറ്റവാളികൾക്ക് ഉചിതമായ ശിക്ഷയും ലഭിക്കണം. ഓരോ വീട്ടിലും സ്നേഹമുള്ള കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുമ്പോൾ മാത്രമേ വയോജന സംരക്ഷണം യഥാർത്ഥ്യമാവുകയുള്ളൂ എന്നും കലക്ടർ പറഞ്ഞു.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, കോമ്പോസിറ്റ് റീജിയണൽ സെൻറർ, കണക്റ്റഡ് ഇനീഷ്യേറ്റീവ് എന്നിവയുടെ സഹകരണത്തോടെ ജില്ലാ സാമൂഹ്യ നീതി ഓഫീസ് ആവിഷ്കരിച്ച ‘ഹാർട്ട് റ്റു ഹാർട്ട് ‘ പദ്ധതിയുടെ സമർപ്പണം ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ വി.എം.കോയ മാസ്റ്റർ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ ജഡ്ജ് ആർ.എൽ.ബൈജു, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.പി ഷൈജൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. സി .ആർ .സി ഡയറക്ടർ ഡോ.റോഷൻ ബിജിലി, ജില്ലാ വയോജന കമ്മറ്റി അംഗം കെ.ബാലകൃഷ്ണൻ, പോലീസ് സബ് ഇൻസ്പെക്ടർ സുനിൽ.സി, മോഹനൻ പുതിയോട്ടിൽ, പൂതേരി ദാമോദരൻ, അഡ്വ.വി.പി.രാധാകൃഷ്ണൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ, ജൂനിയർ സൂപ്രണ്ട് സിനോ സേവി എന്നിവർ പങ്കെടുത്തു.
വയോജന മന്ദിരങ്ങളിൽ താമസിക്കുന്നവരുടെ മാനസിക ഉല്ലാസം, കൗൺസിലിങ് ,കുടുംബ പുന:സമാഗമം തുടങ്ങിയ പദ്ധതി ലക്ഷ്യങ്ങൾ സീനിയർ സൂപ്രണ്ട് ജോസഫ് റിബല്ലോ വിശദീകരിച്ചു .
താമരശ്ശേരി യേശുഭവൻ അന്തേവാസികളുടെ കലാപരിപാടികളും അരങ്ങേറി.