കോഴിക്കോട്:   കോവിഡ് കാരണം കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി മരണമടഞ്ഞതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ കുടുംബങ്ങൾക്ക് വായ്പ അനുവദിക്കുന്നതിന് സംസ്ഥാനം പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരമാണിത്.

മൂന്ന് ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ മുഖ്യ വരുമാനദായകനായിരുന്ന 60 വയസ്സില്‍ താഴെ പ്രായമുള്ള വ്യക്തി കോവിഡ് 19 നിമിത്തം മരണമടഞ്ഞിട്ടുള്ള പക്ഷം ആശ്രിതര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.

5 ലക്ഷം രൂപ വരെ അടങ്കല്‍ വരുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ മുഴുവന്‍ തുകയും പദ്ധതി പ്രകാരം അനുവദിക്കും. ഇതില്‍ പദ്ധതി അടങ്കലിന്റെ 80% തുക (പരമാവധി 4 ലക്ഷം രൂപ) വായ്പയും ബാക്കി 20% (പരമാവധി ഒരു ലക്ഷം രൂപ) സബ്‌സിഡിയുമാണ്. വായ്പാ തിരിച്ചടവ് കാലാവധി 5 വർഷം. വാര്‍ഷിക പലിശ നിരക്ക് ആറു ശതമാനം.

പദ്ധതി പ്രകാരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് യോഗ്യതയും താല്പര്യവും ഉള്ളവര്‍ വിശദാംശങ്ങള്‍ ജൂണ്‍ 28 നകം www.ksbcdc.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0471 – 2577539, 2577540, 2577550.