കാസർഗോഡ്: സമൂഹത്തില്‍ വിവിധതരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ വനിതാ ശിശു വികസന വകുപ്പിന്റെ ‘കാതോര്‍ത്ത്’ പദ്ധതി. ഏറ്റവും വേഗത്തില്‍ ഓണ്‍ലൈനായി സേവനം ലഭ്യമാക്കുന്നതിന് വേണ്ടി വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണിത്. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് അവരുടെ താമസസ്ഥലത്ത് തന്നെ 48 മണിക്കൂറിനുള്ളില്‍ ലഭിക്കുന്നു എന്നതാണ് പദ്ധതിയുടെ സവിശേഷത.

കൗണ്‍സിലിംഗ്, നിയമസഹായം, പോലീസ് സഹായം, തുടങ്ങിയ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ എത്രയും വേഗത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ മഹിളാ ശക്തി കേന്ദ്രയുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച പദ്ധതിയാണ് കാതോര്‍ത്ത്. ഇതിലൂടെ യാത്രാക്ലേശം, സമയം നഷ്ടം എന്നിവ ഒഴിവാക്കുന്നതോടൊപ്പം അടിയന്തര പ്രശ്‌നപരിഹാരവും ലഭ്യമാകും. കാസര്‍കോട് ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ ശക്തി കേന്ദ്ര വഴിയാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. മാര്‍ച്ചില്‍ ആരംഭിച്ച പദ്ധതിയില്‍ വിവിധ സേവനങ്ങള്‍ക്കായി  ജില്ലയില്‍ 20 അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവര്‍ക്ക് വേണ്ട സേവനങ്ങള്‍ ലഭ്യമാക്കി കഴിഞ്ഞെന്നും വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ കവിതാറാണി രഞ്ജിത്ത് പറഞ്ഞു.

വ്യക്തികളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ വകുപ്പിന്റെ പാനലിലുള്ള ലീഗല്‍ ആന്റ് സൈക്കോളജിക്കല്‍ കൗണ്‍സിലേഴ്‌സ്, സൈക്കോളജിസ്റ്റ്, പോലീസ് എന്നിവയുമായി മാത്രമേ പങ്കിടൂ. കേരള സര്‍ക്കാരിന്റെ വനിതാ സംരക്ഷണ പരിപാടികളുടെ ഭാഗമായി കേരളത്തിലെ താമസക്കാരായ സ്ത്രീകള്‍ക്ക് സേവനം സൗജന്യമാണ്.

സേവനം ലഭ്യമാക്കുന്നത് വീഡിയോ കണ്‍സള്‍ട്ടേഷന്‍ വഴിയായതിനാല്‍, സൂം പോലുള്ള സുരക്ഷിത വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനുകളുള്ള അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ആവശ്യമാണ്. ക്യാമറയും മൈക്കും ഉപയോഗിച്ച് സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ് ഉപയോഗിച്ച് മീറ്റിംഗ് നടത്താം. രജിസ്‌ട്രേഷന്‍ നടക്കുമ്പോള്‍ തന്നെ അപേക്ഷകര്‍ക്ക് എസ്എംഎസും ഇമെയില്‍ അറിയിപ്പും ലഭിക്കും. കൂടാതെ 48 മണിക്കൂറിനുള്ളില്‍ അപേക്ഷകര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് തരപ്പെടുത്തിയ എസ്.എം.എസ് അപ്‌ഡേറ്റുകളും ലഭിക്കും. http://kathorthu.wcd.kerala.gov.in/ എന്ന ലിങ്ക് വഴി അപേക്ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതും സേവനങ്ങള്‍ ലഭ്യമാക്കാവുന്നതുമാണ്. ഫോണ്‍; 9400088166