സേവനം ശക്തിപ്പെടുത്താൻ ആക്ഷൻ പ്ലാൻ
സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ മഹിളാ ശക്തി കേന്ദ്ര വഴി നടപ്പിലാക്കുന്ന ‘കാതോർത്ത്’ പദ്ധതിയുടെ ഭാഗമായി ആരോഗ്യ-വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് സേവനം ആവശ്യപ്പെട്ട് വിളിച്ച സ്ത്രീകളുമായി സംവദിച്ച് സേവനങ്ങളുടെ കൃത്യത വിലയിരുത്തി. സ്ത്രീകൾക്ക് ഓൺലൈനായി കൗൺസിലിംഗ്, നിയമ സഹായം, പോലീസിന്റെ സേവനം എന്നിവ നൽകുന്ന ഓൺലൈൻ പോർട്ടലാണ് ‘കാതോർത്ത്’. വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ കൗൺസിലിംഗ് സെക്ഷൻ വിലയിരുത്തുന്നതിനായി മന്ത്രിയോടൊപ്പം പങ്കെടുത്തു.
കൗൺസിലിംഗും നിയമ സഹായവുമാണ് ഒരു യുവതി ആവശ്യപ്പെട്ടത്. ആവശ്യമനുസരിച്ച് ആവശ്യമായ കൗൺസിലിംഗ് സഹായം ലഭ്യമാക്കിയതായും നിയമ സഹായത്തിന് വേണ്ട നടപടികൾ ജില്ലാ വനിത ശിശു വികസന ഓഫീസർ കവിത റാണി രഞ്ജിത്തിന്റെ നിർദ്ദേശപ്രകാരം സ്വീകരിച്ചതായും കാസർകോട് മഹിളാ ശക്തി കേന്ദ്ര വനിതാ ക്ഷേമ ഓഫീസർ സുന എസ് ചന്ദ്രൻ പറഞ്ഞു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവരുടെ പ്രശ്നങ്ങൾ തുറന്ന് പറയാൻ ‘കാതോർത്ത്’ ഓൺലൈൻ സേവനം ലഭ്യമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സേവനം ആവശ്യപ്പെട്ടു കഴിഞ്ഞാൽ എത്രയും വേഗം പോലീസ് സഹായം ലഭ്യമാക്കും. 48 മണിക്കൂറിനകം കൗൺസിലിംഗ്, നിയമ സഹായത്തിന് വേണ്ടിയുള്ള അവസരം, പോലീസിനെ ബന്ധപ്പെടാനുള്ള അവസരം എന്നിവ ലഭ്യമാക്കും. രഹസ്യം കാത്തു സൂക്ഷിച്ച് സേവനം തേടാൻ കഴിയുന്ന ഈ ഓൺലൈൻ സേവനം അവശ്യ സമയത്ത് എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
വനിത ശിശുവികസന വകുപ്പ് സംവിധാനവും ബോധവത്ക്കരണവും ശക്തിപ്പെടുത്താനായി ആക്ഷൻ പ്ലാൻ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ വകുപ്പുകളുടെ കാര്യക്ഷമത വർധിപ്പിക്കും. സംവിധാനങ്ങൾ സ്ത്രീകൾക്ക് പരിചയപ്പെടുത്താനും അവർക്ക് ലഭ്യമാക്കാനും അവബോധ പരിപാടികൾ സംഘടിപ്പിക്കും. ലിംഗാവബോധം വർധിപ്പിക്കുന്നതിന് പൊതുജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതാണ്. കാതോർത്ത് സേവനങ്ങൾക്ക് (https://kathorthu.wcd.kerala.gov.in) പുറമെ 181 ഹെൽപ് ലൈൻ വഴിയും സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന 83 ലീഗൽ സർവീസ് പ്രൊവൈഡിംഗ് സെന്ററുകൾ വഴിയും 39 ഫാമിലി കൗൺസിലിംഗ് സെന്ററുകൾ വഴിയും സേവനങ്ങൾ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.