എച്ചിപ്പാറ ട്രൈബൽ സ്കൂൾ ഒരു കോടി ചെലവിൽ നവീകരിക്കും.പുതുക്കാട് നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം.പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും 2020- 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക വകയിരുത്തിയത്.സ്കൂൾ കോമ്പൗണ്ടിൽ 2016 – 17 കാലഘട്ടത്തിൽ എം പി എൽ എ ഡി എസ്( മെംബേർസ് ഓഫ് പാർലമെന്റ് ലോക്കൽ ഏരിയ ഡെവലപ്പ്മെന്റ് സ്‌കീം) ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിന് മുകളിലായി രണ്ടുനിലകൾ കൂടിയാണ് നിർമ്മിക്കുക. നിലവിലുള്ള കെട്ടിടത്തിനോട് ചേർന്ന് മൂന്ന് നിലകളിലായി ഓരോ ക്ലാസ് മുറികളും ടോയ്‌ലെറ്റും മറ്റു അടിസ്ഥാന സൗകര്യങ്ങളുമാണ് ഉൾപ്പെടുത്തിയത്.
ആർസിസി (റീ ഇൻഫോസ്‌ഡ് സിമന്റ് കോൺക്രീറ്റ്) ഫ്രെയിംഡ് സ്ട്രക്ച്ചറായി നിർമ്മിക്കുന്ന കെട്ടിടത്തിൽ ആകെ 7 ക്ലാസ് മുറികളും 3 ടോയ്‌ലറ്റുകളും ഇപ്രകാരം നിർമ്മിക്കും. നിലവിലുള്ള കെട്ടിടത്തിനോട് ചേർന്നുള്ള ക്ലാസ് മുറികളിലും വരാന്തകളിലും ടൈൽ വിരിക്കും. വിദ്യാലയ മുറ്റം ഇൻ്റർലോക്ക് കട്ടകൾ വിരിച്ച് മനോഹരമാക്കുകയും ചെയ്യും.തൃശൂർ നഗരത്തിൽ നിന്നും 30 കിലോമീറ്റർ അകലെ മാറി സ്ഥിതിചെയ്യുന്ന വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന മലയോര പ്രദേശമാണ് എച്ചിപ്പാറ. 1958-ലാണ് ഈ ട്രൈബൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. 2014 -15 കാലയളവിൽ യു പി സ്കൂൾ പദവിയിലേക്ക് വിദ്യാലയം ഉയർന്നു. 2017-18 കാലഘട്ടത്തിൽ റൈറ്റ് ടു എഡ്യൂക്കേഷൻ ആക്ട് പ്രകാരം എട്ടാം ക്ലാസ് പ്രവർത്തനമാരംഭിച്ചു.നിലവിൽ 2021- 22 അക്കാദമിക് വർഷത്തിൽ പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെ 107 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. മുഖ്യമായും ഈ പ്രദേശത്തെ നിവാസികളായ തോട്ടം തൊഴിലാളികളുടെ കുട്ടികളാണ് വിദ്യാലയത്തെ ആശ്രയിച്ച് പഠനം നടത്തുന്നത്. ഒന്നര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ ഇപ്പോൾ 12 ക്ലാസ് മുറികളും, ബാത്റൂം, ടോയ്ലറ്റ്, കിണർ വാട്ടർടാങ്ക് അടുക്കള തുടങ്ങിയ സൗകര്യങ്ങളുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പുതുക്കാട് എം എൽ എ കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു.