ജില്ലയിലെ കോവിഡ് വ്യാപന തോത് നിയന്ത്രിക്കുന്നതിന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക ദൗത്യ സംഘത്തിനെ നിയോഗിച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ പ്രതീക്ഷിച്ച വ്യത്യാസം വരാത്ത 25 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഏഴ് ക്ലസ്റ്ററുകള്‍ ആയി തിരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ഈ മാസം 30 ന് മുന്‍പായി മേഖലകളിലെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തില്‍ താഴെ കൊണ്ടുവരികയാണ് ലക്ഷ്യം.
ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കുക, എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു കൂടുതല്‍ കര്‍ശനമാക്കുക, സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുക, വാക്‌സിനേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുക എന്നിവയാണ് ഇതര ചുമതലകള്‍. ഗൃഹ ചികിത്സയില്‍ കഴിയാന്‍ ആവശ്യമായ ഭൗതികസാഹചര്യങ്ങള്‍ ഇല്ലാത്ത രോഗികളെ ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്ക് അടിയന്തരമായി മാറ്റാനും ഗൃഹചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഭൗതികസാഹചര്യങ്ങള്‍ ഉറപ്പുവരുത്താനും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പോലീസിന്റെ സഹായം ഉറപ്പുവരുത്തുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോജക്ട് മാനേജര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെട്ട വിദഗ്ദ്ധ സംഘം വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഉദ്യോഗസ്ഥരും തസ്തികയും ചുമതലപ്പെടുത്തിയ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പേരുകളും ചുവടെ.
ചേതന്‍ കുമാര്‍ മീണ (സബ് കലക്ടര്‍)-കൊല്ലം കോര്‍പ്പറേഷന്‍, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി; ഡോ. അരുണ്‍.എസ്.നായര്‍(അസിസ്റ്റന്റ് കലക്ടര്‍)-കൊറ്റങ്കര,ഇളമ്പള്ളൂര്‍, തൃക്കോവില്‍വട്ടം നെടുമ്പന ഗ്രാമപഞ്ചായത്തുകള്‍; സാജിതാ ബീഗം (എ.ഡി.എം)-പന്മന, കുലശേഖരപുരം, ശൂരനാട് നോര്‍ത്ത്, തേവലക്കര, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തുകള്‍; പി.ആര്‍.ഗോപാലകൃഷ്ണന്‍ (ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍)-പരവൂര്‍ മുനിസിപ്പാലിറ്റി, പൂതക്കുളം, ചാത്തന്നൂര്‍, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തുകള്‍; ബി.ശശികുമാര്‍(പുനലൂര്‍ ആര്‍.ഡി.ഒ.)-കടയ്ക്കല്‍, കരവാളൂര്‍, തലവൂര്‍, ചടയമംഗലം ഗ്രാമപഞ്ചായത്തുകള്‍; ബീനാ റാണി (ആര്‍.ആര്‍.ഡെപ്യൂട്ടി കലക്ടര്‍)-പൂയപ്പള്ളി എഴുകോണ്‍ കരീപ്ര ഗ്രാമപഞ്ചായത്തുകള്‍; ബി. ജയശ്രീ(എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍)-മയ്യനാട്, പെരിനാട്, തൃക്കരുവ ഗ്രാമപഞ്ചായത്തുകള്‍.