കിഫ്ബിയില്‍ നിന്ന് 89 കോടി രൂപ ധനസഹായം സ്വീകരിച്ച് ആലപ്പുഴ ജില്ലയില്‍ കടല്‍ ക്ഷോഭത്തെ ചെറുക്കാന്‍ നാലിടത്ത് പുലിമുട്ട് നിര്‍മിക്കുന്നതിന് നിര്‍മിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഭരണാനുമതി നല്‍കി. ചേര്‍ത്തല ഒറ്റമശ്ശേരിയിലും, കാട്ടൂര്‍ പൊള്ളേത്തൈയിലെ അറയ്ക്കല്‍ പൊഴിക്കും വാഴക്കൂട്ടം പൊഴിക്കും ഇടയിലും അമ്പലപ്പുഴ മണ്ഡലത്തിലെ കാക്കാഴം വളഞ്ഞവഴിയിലും ഹരിപ്പാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട വട്ടച്ചാലിലെ നെല്ലിക്കലും പുലിമുട്ട് നിര്‍മിക്കാനാണ് മന്ത്രി ഭരണാനുമതി നല്‍കിയത്. യഥാക്രമം 16.28 കോടി, 19.27 കോടി, 43 കോടിയും 9.55 കോടി രൂപാ വീതമാണ് നാലിടങ്ങളിലായി പുലിമുട്ട് നിര്‍മാണത്തിനായി എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ തീരമേഖലയില്‍ പുതിയ പുലിമുട്ടുകള്‍ വരുന്നതോടെ തിരയടിക്ക് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. തീരശോഷണം ഇല്ലാതാവുന്നതിനൊപ്പം കൂടുതല്‍ മണല്‍ അടിഞ്ഞ് തീരം വികസിക്കാനും സാധിച്ചേക്കും. കൂടാതെ മത്സ്യബന്ധന വള്ളങ്ങളും ഉപകരണങ്ങളും സുരക്ഷിതമായി വയ്ക്കാനും പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതോടെ സാധിക്കും.

ചെര്‍പ്പുളശേരി ശുദ്ധജല പദ്ധതിക്ക് 10 കോടി

ഇതിനു പുറമേ ചെര്‍പ്പുളശേരി മുനിസിപ്പാലിറ്റിയിലും സമീപ പ്രദേശങ്ങളിലും ശുദ്ധജല പദ്ധതി നടപ്പിലാക്കുന്നതിന് 10 കോടി രൂപയുടെ പദ്ധതിക്കും മന്ത്രി ഭരണാനുമതി നല്‍കി.