തിരുവനന്തപുരം ജനറൽ ആശുപത്രിയെ ലോകനിലവാരത്തിലുള്ള ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള 137 കോടി രൂപയുടെ ബഹുനില മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ആധുനിക മന്ദിരം യാഥാർത്ഥ്യമാകുന്നതോടെ മെഡിക്കൽ കോളേജുകളിൽ മാത്രം ലഭ്യമാകുന്ന അതിനൂതന സൗകര്യങ്ങൾ സാധാരണക്കാർക്ക് ജനറൽ ആശുപത്രിയിൽ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനറൽ ആശുപത്രിയുടെ പുതിയ മന്ദിരം തിരുവനന്തപുരത്തെ ആരോഗ്യരംഗത്തെ സംബന്ധിച്ച് സുപ്രധാനമായ ചുവടുവെപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ സ്ഥാപനത്തിന്റെ വളർച്ച നാടിന്റെ അഭിമാനമാണ്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും കാത്ത് ലാബ്, സ്‌ട്രോക്ക് ഐ.സി.യു തുടങ്ങിയ സംവിധാനങ്ങളും ഇന്ന് ഒരുപാട് സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. എന്നാൽ ഈ നേട്ടങ്ങൾ മറച്ചുപിടിക്കാനും ആരോഗ്യമേഖലയെ തകർക്കാനും ഒരു കൂട്ടം ആളുകൾ ശ്രമിക്കുകയാണ്. ഇതിന് പിന്നിൽ അന്താരാഷ്ട്ര കോർപ്പറേറ്റ് താത്പര്യങ്ങളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മുൻപ് മരുന്നും ഡോക്ടർമാരും ഇല്ലാതെ തളർന്നുപോയ സർക്കാർ ആശുപത്രികളെ ആർദ്രം മിഷൻ ഉൾപെടെയുള്ള സംവിധാനങ്ങളിലൂടെ സർക്കാർ വീണ്ടെടുത്തു. കോവിഡ് കാലത്ത് ലോകം മുഴുവൻ തകർന്നപ്പോൾ കേരളം പിടിച്ചുനിന്നത് നാം ഒരുക്കിയ ഈ സൗകര്യങ്ങൾ കൊണ്ടാണ്. നമ്മുടെ ശിശു മരണനിരക്ക് അമേരിക്കയേക്കാൾ കുറവാണെന്നത് വികസിത രാജ്യങ്ങൾ പോലും അത്ഭുതത്തോടെയാണ് കാണുന്നത്. ആശുപത്രികളിൽ സംഭവിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാട്ടി ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ചിലർ ശ്രമിക്കുന്നു. ഇത്തരക്കാർ കോർപ്പറേറ്റ് ആശുപത്രികളിലെ വീഴ്ചകൾ കാണുന്നില്ല. സർക്കാർ ആശുപത്രികളിലെ ജീവനക്കാർ അർപ്പണബോധത്തോടെയാണ് പ്രവർത്തിക്കുന്നത്. അവിടെ എന്തെങ്കിലും വീഴ്ചയുണ്ടായാൽ സർക്കാർ കർശന നടപടി സ്വീകരിക്കും.

രാജ്യത്തെ ഒരു ജില്ലാ ആശുപത്രിയിലും ഇല്ലാത്ത വിധം കോർണിയ ട്രാൻസ്പ്ലാന്റേഷൻ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നമ്മുടെ സർക്കാർ ആശുപത്രികളിൽ വിജയകരമായി നടപ്പിലാക്കുന്നുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അഞ്ച് കോർണിയ ട്രാൻസ്പ്ലാന്റേഷനുകൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്നു. ഇതിൽ ലാമെലാർ ഹെട്രോപ്ലാസ്റ്റി എന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയും ഉൾപ്പെടുന്നു. മുൻപ് കുറച്ചു ആശുപത്രികളിൽ മാത്രം ഉണ്ടായിരുന്ന ഡയാലിസിസ് സൗകര്യം ഇന്ന് 125 ആശുപത്രികളിലായി വർദ്ധിപ്പിച്ചു. ദിവസേന 3000 രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകുന്നതിലൂടെ വലിയൊരു സാമ്പത്തിക ബാധ്യതയിൽ നിന്നാണ് സാധാരണക്കാരെ സർക്കാർ രക്ഷിക്കുന്നത്.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തു വലിയ മാറ്റങ്ങൾ വന്നു. നാല് പുതിയ മെഡിക്കൽ കോളേജുകളും 21 നഴ്‌സിംഗ് കോളേജുകളും സ്ഥാപിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ, രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം, കെ.സി.ഡി.സി തുടങ്ങിയവ സംസ്ഥാന സർക്കാരിന്റെ വലിയ നേട്ടങ്ങളാണ്. 42.5 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കിയതിനാണ് ദേശീയ പുരസ്‌കാരം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. 14 ജില്ലകളിലും കാത്ത് ലാബുകൾ സജ്ജമായതോടെ ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് 30 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ. സ്വാഗതം ആശംസിച്ച ചടങ്ങിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ. നന്ദി രേഖപ്പെടുത്തി. വാർഡ് കൗൺസിലറും നഗരാസൂത്രണ കമ്മീഷൻ ചെയർപേഴ്സണുമായ പാറ്റൂർ രാധാകൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനോജ് എസ്, ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. കൃഷ്ണവേണി വി. മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അത്യാധുനിക സൗകര്യങ്ങളുള്ള 4 നില കെട്ടിടമാണ് തിരുവനന്തപുരം ജനറൽ ആശുപത്രി നവീകരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ റിസപ്ഷൻ ഏരിയ, ട്രോമാ കെയർ വിഭാഗം, ജനറൽ ഒ.പി., എആർവി ക്ലിനിക്, ഫാർമസി എന്നിവയും, രണ്ടാം നിലയിൽ വിവിധ വിഭാഗങ്ങളിലെ ഇന്റെൻസിവ് കെയർ വാർഡുകൾ, സെമിനാർ റൂം, ഇ-ഹെൽത്ത്, ഭൂമിക ക്ലിനിക് എന്നിവയും, മൂന്നാം നിലയിൽ വിശാലമായ ലബോറട്ടറി സൗകര്യം, ബ്ലഡ് ബാങ്ക്, സ്പെഷ്യലിറ്റി, സൂപ്പർ സ്പെഷ്യലിറ്റി ഒ.പി.കൾ എന്നിവയും നാലാം നിലയിൽ കീമോതെറാപ്പി വാർഡ്, ഓപ്പറേഷൻ തിയേറ്റർ, ഡെന്റൽ ഒ.പി. എന്നിവയും സജ്ജീകരിക്കും. ഇവ കൂടാതെ എ.സി. പ്ലാന്റ്, മെഡിക്കൽ ഗ്യാസ് യൂണിറ്റ്, ലോണ്ട്രി എന്നിവ ഉൾപ്പെടെയുള്ള സർവീസ് ബ്ലോക്കും സജ്ജീകരിക്കും. രോഗികളുടേയും, പൊതുജനങ്ങളുടേയും സൗകര്യത്തിനായി 10 ലിഫ്റ്റുകളും കെട്ടിട സമുച്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കെട്ടിടം പൂർത്തിയാകുന്നതോടെ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ജനറൽ ആശുപത്രിക്ക് ഏറെ സഹായകരമാകും.