മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളിക്കുളങ്ങര മോനൊടി റോഡ് നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം എം എല്‍ എ കെ രാമചന്ദ്രന് നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി ബി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. 2018ലെ പ്രളയം മൂലം തകര്‍ന്ന റോഡുകള്‍
പുനരുദ്ധരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.വെള്ളികുളങ്ങരയില്‍ നിന്ന് ആരംഭിക്കുന്ന റോഡിന്റെ ഇരു വശത്തുമായി 30 മീറ്റര്‍ കരിങ്കല്‍ കെട്ട് കൊണ്ടും 79 മീറ്റര്‍ കോണ്‍ക്രീറ്റ് കൊണ്ടും 450 മീറ്റര്‍ ഉയരത്തില്‍ സംരക്ഷണ ഭിത്തി നിര്‍മിച്ച് റോഡിന്റെ 100 മീറ്റര്‍ നീളത്തില്‍ വീതി കൂട്ടിയിട്ടുണ്ട്. തുടര്‍ന്ന് പാടം ഭാഗം റീടാറിങ് നടത്തുകയും ആയുര്‍വേദ ആശുപത്രിക്ക് സമീപം വീതി കൂട്ടി ടാറിങ് നടത്തുകയും ചെയ്തു. മോനൊടി റോഡില്‍ പുതിയ കാനയും നിര്‍മിച്ചു. സംരക്ഷണ ഭിത്തിക്ക് സമീപം ഹാന്‍ഡ് റെയില്‍ കൊടുത്ത് സുരക്ഷാവേലിയും നിര്‍മിച്ചിട്ടുണ്ട്. മൊത്തം 4416 സ്ക്വയര്‍ മീറ്റര്‍ റീ ടാറിങ് നടത്തിയാണ് റോഡിന്റെ നവീകരണം പൂര്‍ത്തീകരിച്ചത്.ഇപ്രകാരം ജില്ലയിലെ രണ്ടാമത്തെ വലിയ ഗ്രാമപഞ്ചായത്തായ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 420 ലക്ഷം രൂപയുടെ 10 പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. 2020 ഓഗസ്റ്റ് 4ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍ ജില്ലാതല നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച റോഡാണിത്. ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര് രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അതിരപ്പിള്ളി ഡിവിഷന് മെമ്പര്‍ ജനീഷ് പി ജോസഫ്, വാര്‍ഡ് മെമ്പര്‍ ഷൈബി സജി പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.