കേരളത്തിലെ കരിമണല്‍ മേഖലയില്‍നിന്ന് ഖനനം ചെയ്‌തെടുക്കുന്ന ധാതുസമ്പത്ത് ഒരു കാരണവശാലും സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കരുനാഗപ്പള്ളിയിലെ വെള്ളനാതുരുത്തില്‍ സാമൂഹ്യപ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ഏഴു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുലിമുട്ടുകളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
 ധാതുമണല്‍ ശേഖരം നാടിന് പ്രയോജനപ്രദമായി വിനിയോഗിക്കുന്നതിനാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പൊതുജനങ്ങളുടെ സഹകരണവും അനിവാര്യമാണ്. ഖനനത്തിന് വിട്ടുനല്‍കിയ ഭൂമി ജനോപകാരപ്രദമായി വിനിയോഗിക്കാന്‍ മാനേജ്‌മെന്റുകള്‍ ശ്രദ്ധിക്കണം.
ജനങ്ങളുടെ നാളുകളായുള്ള ആവശ്യംകൂടി കണക്കിലെടുത്ത് ചവറ ഐ. ആര്‍. ഇ നടത്തുന്ന പുലിമുട്ട് നിര്‍മാണത്തിന് പാറയുടെ ദൗര്‍ലഭ്യം തടസമാകാതിരിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കും. പുലിമുട്ട് സമീപപ്രദേശങ്ങളെ എങ്ങനെ ബാധിക്കുന്നവെന്ന് ശാസ്ത്രീയമായി വിലയിരുത്തിയാവണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതെന്നും മന്ത്രി നിര്‍ദേശിച്ചു.