ആലുവ: കേരളത്തില്‍ കോവിഡ് മൂന്നാം തരംഗത്തിനെ പ്രതിരോധിക്കാൻ ബോധവൽക്കരണത്തിനായി ദ്വിദിന കാർട്ടൂൺ ക്യാമ്പ് തുടങ്ങി.സമാനതകളില്ലാതെ സമസ്ത മേഖലകളെയും തകർത്ത ദുരന്തമായി കോവിഡ് മാറിയെന്ന് ആലുവ വൈ.എം.സി.ഐ ക്യാമ്പ് സൈറ്റിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോര്‍പ്പറേഷന്‍ ആന്‍റ് ചൈല്‍ഡ് ഡവലപ്പ്മെന്‍റ് ബാംഗ്ലൂര്‍ റീജിയന്‍, ഡി.എം.സി. ഇന്ത്യ, കേരള സര്‍ക്കാരിന്‍റെ സാമൂഹ്യ സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്നാണ് ലോക്കിംഗ് ലൈന്‍സ്’ എന്ന പേരിലുള്ള ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നു തെരഞ്ഞെടുത്ത പന്ത്രണ്ട് പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

ആദ്യ ദിനത്തിൽ കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, സംസ്ഥാന പൊതു വിദ്യഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പബ്ലിക് കോര്‍പ്പറേഷന്‍ ആന്‍റ് ചൈല്‍ഡ് ഡവലപ്പ്മെന്‍റ് ബാംഗ്ലൂര്‍ റീജിയന്‍ ഡയറക്ടര്‍ ഡോ. കെ.സി.ജോര്‍ജ്, ഡോ. ജി.ജ്യോതി, ഡോക്ടർ സഖി ജോൺ , കാർട്ടൂണിസ്റ്റ് സുധീർ നാഥ് , സാമൂഹ്യ സുരക്ഷാ മിഷന്‍ സംസ്ഥാന കോഡിനേറ്റർ നസീം തുടങ്ങിയവർ കാർട്ടൂണിസ്റ്റുകളുമായി സംവദിച്ചു.

രണ്ടാം ദിവസമായ ഞായർ സാമൂഹ്യ സുരക്ഷി മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ മുഹമ്മദ് അഫിൽ, ഡോ. സച്ചിദാനന്ദ കമ്മത്ത് , ഡോ. മേരി അനിത തുടങ്ങിയവർ സംസാരിക്കും. പന്ത്രണ്ട് കാർട്ടൂണിസ്റ്റുകളിൽ നിന്ന് എഴുപത്തിരണ്ട് കാർട്ടൂണുകളാണ് പ്രതീക്ഷിക്കുന്നതെന്ന് ക്യാമ്പ് ഡയറക്ടർ ഡോക്ടർ കെ.സി. ജോർജും, കോഡിനേറ്റർ കാർട്ടൂണിസ്റ്റ് സുധീർ നാഥും പറഞ്ഞു. സമാനമായ ബോധവത്കരണ പരിപാടി മറ്റു സംസ്ഥാനങ്ങളിലും വൈകാതെ നടക്കും.

ഫോട്ടോ: കോവിഡ് ബോധവൽക്കരണത്തിനുള്ള ദ്വിദിന കാർട്ടൂൺ ക്യാമ്പ് ‘ലോക്കിങ്ങ് ലൈൻസ് ‘ (വരപ്പൂട്ട്) ആലുവ വൈ എം സി എ ക്യാമ്പ്സൈറ്റിൽ സുപ്രിം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.