ആലങ്ങാട്: മാതാപിതാക്കള്‍ക്ക് വായനാശീലമുണ്ടെങ്കിലേ മക്കളും വായനയുടെ മഹത്വത്തെ തിരിച്ചറിയൂ എന്ന് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന വിദ്യാ കേന്ദ്രത്തിന്റെ കീഴില്‍ നടത്തിയ വായനാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനാദിനത്തോടനുബന്ധിച്ച് സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാഭ്യാസ പദ്ധതിയിലെ പഠിതാക്കളുടെ വായനാ മത്സരവും സംഘടിപ്പിച്ചു. നാലാം തരത്തിലെയും ഏഴാം തരത്തിലെയും പതിനാറോളം പഠിതാക്കളാണ് മത്സരത്തില്‍ പങ്കെടുത്തത്.  പാഠഭാഗങ്ങള്‍ തന്നെയാണ് വായനാ മത്സരത്തിന് നല്‍കിയത്. മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെ.കെ. കലയ്ക്കും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സുബൈദയ്ക്കും പ്രസിഡന്റ് സമ്മാനം നല്‍കി.
നഷ്ടപ്പെട്ട അവസരങ്ങള്‍  വീണ്ടെടുക്കുകയും അവ ശരിയായ രീതിയില്‍ ഉപയോഗിച്ച് അതിലൂടെ ലക്ഷ്യ സ്ഥാനത്ത്  എത്താന്‍ പരിശ്രമിക്കുകയും ചെയ്യണമെന്ന് പഠിതാക്കള്‍ളോട് പ്രസിഡന്റ് വിജു ചുള്ളിക്കാട് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷീല കെ.കെ, ജോയ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ സാലി, എം.എസ് പ്രിയ, സാക്ഷരത നോഡല്‍ പ്രേരക് വിലാസിനി, ബ്ലോക്ക് മെമ്പര്‍മാരായ ഹമീദ് ഷാ, ശ്രീകല മധു, സജിത ഹബീബ്  എന്നിവര്‍ പങ്കെടുത്തു.